scorecardresearch
Latest News

തടി കൂടിയത് ആരാധകർക്കല്ല സംവിധായകർക്കാണ് പ്രശ്നം: മഞ്ജിമ മോഹൻ

വണ്ണം കൂടിയതിന്റെ പേരിൽ പല കളിയാക്കലുകളും മഞ്ജിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

manjima mohan, actress

ബാലതാരമായെത്തി നായികയായി വളർന്ന താരമാണ് മഞ്ജിമ മോഹൻ. ഒരു വടക്കൻ സെൽഫി ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ മഞ്ജിമ പിന്നീട് തമിഴിലേക്ക് ചേക്കേറി. ‘അച്ചം എൺപത് മദമയെടാ’ എന്ന ചിത്രത്തിൽ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. ചിത്രത്തിനു പിന്നാലെ മഞ്ജിമയ്ക്ക് പലരീതിയിൽ വിമർശനങ്ങളും നേരിടേണ്ടിവന്നു. മഞ്ജിമയുടെ ശരീര ഭാരത്തെക്കുറിച്ച് പല കമന്റുകളും ഉയർന്നു. ഇപ്പോഴിതാ താരം ഇതിനൊക്കെ മറുപടി നൽകിയിരിക്കുകയാണ്.

”ഞാൻ വണ്ണം കുറയ്ക്കണമെന്ന് ആരാധകർ പറഞ്ഞിട്ടില്ല. അവരുടെ ഭാഗത്തുനിന്നും ഇതേച്ചൊല്ലി ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ചില സംവിധായകർ എന്നോട് വണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ കുറയ്ക്കണ്ട എന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് ഞാൻ തന്നെ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. കഥാപാത്രങ്ങൾക്കനുസരിച്ച് വണ്ണം കുറയ്ക്കുകയും കൂട്ടുകയും വേണമെന്ന് ചിന്തിച്ചു. ഇപ്പോൾ ഞാൻ ജിമ്മിൽ പോകുന്നുണ്ട്. അത് കുറച്ചുകൂടി മനസ്സിനും ശരീരത്തിനും സുഖം പകരുന്നു. വണ്ണം കുറച്ചതുമൂലം ഏതു വസ്ത്രവും ധരിക്കാൻ കഴിയുന്നു. സ്ക്രീനിൽ കാണാൻ കുറച്ചുകൂടി ഭംഗിയായിട്ടുണ്ടെന്നും” മഞ്ജിമ ഓൺലൈൻ മാധ്യമമായ ‘സിഫി’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മഞ്ജിമയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ സത്രിയാൻ ഇന്ന് റിലീസ് ചെയ്തു. സത്രിയാനിലെ നിരഞ്ജന എന്ന കഥാപാത്രത്തെക്കുറിച്ചും മഞ്ജിമ വിവരിച്ചു. ”ബോൾഡായ പെൺകുട്ടിയാണ് നിരഞ്ജന. ഭയമില്ലാത്ത പെൺകുട്ടിയാണ്. പക്ഷേ ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. നിരഞ്ജനയെപ്പോലെ പൊട്ടു പൂവും ചൂടി ഒരിക്കലും കോളജിൽ പോയിട്ടില്ലെന്നും” മഞ്ജിമ ചിരിച്ചുകൊണ്ട് പറഞ്ഞു.

സത്രിയാനു പുറമേ ഉദയനിധിക്കൊപ്പം ‘ഇപ്പടി വെല്ലും’ എന്ന ചിത്രത്തിലും മഞ്ജിമ അഭിനയിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. മറ്റു ചില പ്രോജക്ടുകളും ചർച്ചയിലാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Some directors told me to shed weight says manjima mohan