മലയാളത്തിന്റെ ‘കുഞ്ഞിക്ക’യുടെ ചിത്രത്തെ വരവേല്‍ക്കാന്‍ ദുല്‍ഖര്‍ ആരാധകര്‍ വെടിമരുന്ന് ശേഖരിക്കുകയാണ്. സോളോ റിലീസ് ചെയ്യുന്നതിന്റെ  ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വന്‍ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഭൂരിഭാഗം തിയറ്ററുകളിലും റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പേ ടിക്കറ്റ് വിറ്റു തീര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഹൗസ്ഫുള്‍ ആയിട്ടുണ്ട്.

ദുല്‍ഖര്‍ ആരാധകര്‍ ഒരുക്കത്തില്‍

വിവിധ തിയറ്ററുകളില്‍ ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഫാന്‍സ് ഷോകളും സംഘടിപ്പിക്കും. എല്ലായിടത്തും ഇതിനകം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. തിരുവനന്തപുരം അജന്ത തിയേറ്ററില്‍ വ്യാഴാഴ്ച്ച രാവിലെ 9 മണിക്കാണ് ഫാന്‍സ് ഷോ ആരംഭിക്കുക. രണ്ട് ദിവസം മുമ്പേ ഇവിടത്തെ ടിക്കറ്റ് വിറ്റു തീര്‍ന്നതായി തിരുവനന്തപുരം ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് രാജു പറഞ്ഞു. കൃപ തിയേറ്ററിലും ദേവിപ്രിയ തിയേറ്ററിലും കൈരളിയിലും ടിക്കറ്റ് വിറ്റു തീര്‍ന്നിട്ടുണ്ട്. ഇവിടെയും രാവിലെ 9 മണിക്കാണ് ഫാന്‍സ് ഷോ നടക്കുക.

ബാന്‍ഡ് മേളവും പാലഭിഷേകവും അടക്കമുളള സന്നാഹങ്ങളോടെയാണ് ദുല്‍ഖര്‍ ചിത്രത്തെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങിയിട്ടുളളത്. കൂടാതെ സന്നദ്ധപ്രവര്‍ത്തനങ്ങളും സോളോയുടെ റിലീസിന്റെ ഭാഗമായി നടത്തുന്നുണ്ട്. തിരുവനന്തപുരം തിരുമലയ്ക്ക് അടുത്തുളള വൃദ്ധസദനങ്ങളും മറ്റും കേന്ദ്രീകരിച്ച് ഫാന്‍സ് അസോസിയേഷന്‍ സഹായങ്ങളെത്തിക്കും.

തിയറ്ററുകൾ കീഴടക്കാൻ ‘സോളോ’ വരുന്നു, പ്രമോഷനായി ഫ്ലാഷ് മോബിൽ ദുൽഖർ

നാല് കഥകള്‍ കോര്‍ത്തിണക്കിയ സിനിമാ സമാഹാരം മലയാളം, തമിഴ് പതിപ്പുകളിലാണ് ഒരുങ്ങിയിട്ടുളളത്. നാല് നായികമാരെയും എട്ട് സംഗീത സംവിധായകരെയും അണി നിരത്തി ബിജോയ് നന്പ്യാര്‍ ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. പഞ്ചഭൂതം എന്ന സങ്കല്‍പ്പത്തെ ആധാരമാക്കി മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം.

ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ