ആരാധകരുടെ വിമര്‍ശനങ്ങളെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് തിരുത്തിയത് തന്റെ അറിവോടെ അല്ലെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. താന്‍ ചെയ്ത സിനിമയോടൊപ്പമാണ് ഉറച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘സോളോയുടെ ക്ലൈമാക്സില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് ചോദിക്കുന്നവരോട്, അത് എന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് ചെയ്തിരിക്കുന്നത്. നല്ലതായാലും മോശമായാലും ഞാന്‍ ചെയ്ത സിനിമയ്ക്ക് ഒപ്പമാണ് ഞാന്‍ നില്‍ക്കുന്നത്’, ബിജോയ് കുറിച്ചു.

ദുൽഖർ സൽമാൻ നായകനായ സോളോയുടെ ഒരു ക്ലൈമാക്സ് തിയേറ്ററിൽ നിന്നുള്ള അഭിപ്രായങ്ങളെ തുടർന്ന് തിരുത്തല്‍ വരുത്തിയിരുന്നു. ബിജോയ് അടക്കമുളളവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നതും ശ്രദ്ധേയമാണ്. അബ്രഹാം മാത്യു, അനില്‍ ജയിന്‍ എന്നിവരാണ് മറ്റ് നിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായ സോളോ ഒക്ടോബര്‍ അഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയെ കുറിച്ച് ആദ്യം വന്ന പ്രേക്ഷക പ്രതികരണം സമ്മിശ്രമായിരുന്നെങ്കിലും ക്ലൈമാക്സ് വേണ്ടത്ര രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. ആന്തോളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതായിരുന്നു പ്രത്യേകത.

നാല് കഥകള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു സോളോ തിയേറ്ററുകളിലേക്ക് എത്തിയത്. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണുള്ളത്. അതില്‍ രുദ്ര എന്ന ഭാഗത്തിന്റെ ക്ലൈമാക്‌സ് ആണ് മാറ്റിയിരിക്കുന്നത്. ആദ്യ മൂന്നുചിത്രങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെങ്കിലും നാലാമത്തെ ചിത്രത്തിൽ ദുര്‍ബലമായ പ്രമേയത്തിന്റെ അശക്തമായ ആഖ്യാനം കൊണ്ട് മുഷിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ ക്ലൈമാക്സിൽ മാറ്റം വരുത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

ബോളിവുഡിലെ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രമാണ് സോളോ. ഒരേസമയം പഞ്ചഭൂത സങ്കല്‍പത്തെയും ശിവസങ്കല്‍പത്തെയും ഉപജീവിച്ചാണ് ചിത്രത്തിലെ നാല് കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രണയവും പ്രണയനഷ്ടവും പ്രമേയമായി വരുന്നവയാണ് രണ്ട് ചിത്രങ്ങള്‍. മറ്റു രണ്ടെണ്ണം പ്രതികാരത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങളാണ്.

അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെ പിന്നിലാക്കി ബിഗ് റിലീസ് സിനിമയായിട്ടാണ് സോളോ തിയേറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ മാത്രം 225 തിയേറ്ററുകളിളായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കേരളത്തില്‍ നിന്നും ആദ്യ ദിനം 3.26കോടി നേടി സോളോ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരുന്നു. ഒപ്പം തമിഴ്‌നാട്ടില്‍ നിന്നും 2.04 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook