Solamante Theneechakal OTT: ലാൽജോസിന്റെ പുതിയ ചിത്രം സോളമന്റെ തേനീച്ചകൾ ഓഗസ്റ്റ് 18നാണ് തിയേറ്ററുകളിലെത്തിയത്. നായികനായകൻ റിയാലിറ്റി ഷോയുടെ ഫൈനലിസ്റ്റുകളായ ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ്, ശംഭു, ആഡിസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ലാൽ ജോസ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയത് ആരാണെന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. മനോരമ മാക്സാവും ചിത്രത്തിന്റെ ഒടിടി പാർട്ണർ എന്ന സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
രണ്ട് വനിതാപോലീസുകാരുടെ സൗഹൃദത്തിന്റെ കഥയും അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവവികാസങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. സുജയും ഗ്ലൈന തോമസും പൊലീസുകാരികളാണ്, സുജയ്ക്ക് ട്രാഫിക്കിലാണ് ഡ്യൂട്ടി. പൊലീസ് കോർട്ടേഴ്സിൽ ഇരുവരും ഒന്നിച്ചാണ് താമസം. ഇൻസ്റ്റ സിസ്റ്റേഴ്സ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ റീലുകളുണ്ടാക്കി പോസ്റ്റ് ചെയ്യലാണ് ഇരുവരുടെയും മറ്റൊരു ഹോബി. എല്ലാ പ്രശ്നങ്ങളിലും പരസ്പരം താങ്ങും തണലുമാവുന്ന രണ്ട് ആത്മാർത്ഥസുഹൃത്തുക്കൾ. രണ്ടുപേരുടെയും ജീവിതം രസകരമായി മുന്നോട്ടുപോവുന്നതിനിടയിൽ സുജയുടെ ജീവിതത്തിലുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ഇരുവരുടെയും ജീവിതം സംഘർഷാവസ്ഥയിലേക്ക് എത്തിക്കുകയാണ്.
ആദ്യ പകുതിയുടെ നല്ലൊരു ഭാഗവും സൗഹൃദക്കാഴ്ചകളും സുജയുടെ പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. എന്നാൽ പിന്നീടങ്ങോട്ട് ചിത്രത്തിന്റെ ട്രാക്ക് മാറുകയാണ്. സി ഐ സോളമനെന്ന അന്വേഷണ ഉദ്യോഗസ്ഥനായി ജോജു എത്തുന്നതോടെ സിനിമ ഉദ്വേഗജനകമായി തീരുകയാണ്. വളരെ പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’.
വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പി.ജി പ്രഗീഷ് തിരക്കഥ, അജ് മൽ സാബു ക്യാമറ, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഗാനരചന : വയലാർ ശരത്ചന്ദ്രവർമ, വിനായക് ശശികുമാർ, ആർട് -അജയ് മങ്ങാട്, കോസ്റ്റ്യൂം -റാഫി കണ്ണാടിപറമ്പ, മേക്കപ്പ് -ഹസൻ വണ്ടൂർ. എൽ.ജി ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.