scorecardresearch
Latest News

‘ട്രാന്‍സും’ ‘ജോക്കറും’ തമ്മില്‍

ടെലിവിഷന്‍ ഷോയിൽ ചെന്ന് ‘ജോക്കർ’ അവതാരകനെ ലൈവിൽ കൊലപ്പെടുത്തിയപ്പോൾ, ജോഷ്വാ തന്നെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ ലൈവിൽ അപായപ്പെടുത്തി. സന്ദര്‍ഭങ്ങളും കഥാഗതിയും വ്യത്യസ്തമാണെങ്കിൽ കൂടി, തന്റെ ശബ്ദം ലോകത്തിനെ കേൾപ്പിക്കാനായി, തന്റെ ശക്തി പ്രകടിപ്പിക്കാനായി ഈ രണ്ടു കഥാപാത്രങ്ങളും ഉപയോഗിച്ച മാർഗത്തിന്റെ സമാനതകളും ശ്രദ്ധിക്കപ്പെടേണ്ടതാണ്

ഫഹദ് ഫാസില്‍, ട്രാന്‍സ്, ട്രാന്‍സ് റിവ്യൂ, ട്രാന്‍സ് റേറ്റിംഗ്, Trance GCC Release, trance review, trance rating, trance full movie, trance full movie download, trance watch online, trance telegram

മലയാള സിനിമയിൽ നടക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെയും, ദൃശ്യ ഭാഷയുടെ സാധ്യതകളിൽ നടത്തുന്ന പരീക്ഷണങ്ങളെയും അടയാളപ്പെടുത്താൻ പോന്ന ഒരു ചിത്രമാണ് ‘ട്രാൻസ്.’ ഫഹദ് ഫാസിൽ എന്ന നടൻ ഓസ്കർ വരെ നേടാൻ സാധ്യത ള്ള ഒരു പ്രതിഭയാണ് താന്നെന്നു തെളിയിക്കുന്ന പ്രകടനം കാഴ്ചവെച്ച ചിത്രമെന്ന എന്ന നിലയിലും ‘ട്രാൻസി’നെ രേഖപെടുത്താം.

‘ട്രാൻസ്’ എന്ന പേര് മുതൽ തുടങ്ങാം. ‘ട്രാൻസ്’ എന്ന ഇംഗ്ലീഷ് പദം കേൾക്കുമ്പോൾ എന്തൊക്കെയാവും ഒരു ശരാശരി മലയാളിയുടെ മനസ്സിൽ വരുക? ‘ട്രാൻസ് ജൻഡേഴ്സിനെ പറ്റിയുള്ള പടമാണോ മോനെ?’ എന്ന് ഒരു അമ്മാവൻ ചോദിക്കുന്നതും കേട്ടു. പറഞ്ഞറിയിക്കാനാവാത്ത ഉന്മാദ ലോകത്തിൽ ലയിച്ചു സ്വയം മറക്കുന്ന ഒരു അവസ്ഥ എന്നൊക്കെയാകും ‘ട്രാൻസ്’ എന്ന വാക്കിനെ ചുരുക്കത്തിൽ സമാഹരിക്കാൻ പറ്റുക. എന്തോ ഒരു പ്രേരിത ശക്തിയിൽ സ്വയം അർപ്പിച്ച്, അതിൽ ആനന്ദം കണ്ടെത്തുന്ന ഒരു തരം ഹിപ്നോട്ടിക് അവസ്ഥ. അവസാനിക്കാത്ത രതിമൂർച്ഛയുടെ സുഖം പോലെയുള്ള അവസ്ഥ. ഈ പ്രേരിത ശക്തി എന്തുമാവാം.

ആൾദൈവങ്ങളുടെ മുന്നിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഭക്തജനങ്ങളും, റേവ് പാർട്ടികളിൽ സ്വയം മറന്നു നിർത്തം ചെയുന്ന ഹിപ്പികളും, നിലാവെളിച്ചത്തിൽ സൂഫി സംഗീതത്തിന്റെ ആനന്ദത്തിൽ നൃത്തം ചെയ്യുന്നവരുമൊക്കെ കടന്നു പോകുന്നത് ഈ ‘ട്രാൻസ്’ അവസ്ഥയിൽ കൂടിയാകാം. ‘ട്രാൻസെന്റിങ്,’ ‘ട്രാൻസിറ്റ്’ എന്ന് വ്യത്യസ്ത അര്‍ത്ഥങ്ങൾ വരുന്ന രണ്ടു ഇംഗ്ലീഷ് പദങ്ങളുടെയും സ്വത്വം പേറുന്ന ഒരു വാക്കായിട്ടു വേണം ‘ട്രാൻസ്’ എന്ന വാക്കിനെ കരുതാൻ. അസ്വാഭിവകമായ ഒരു മാറ്റത്തേയോ, അവസ്ഥയെയോ സൂചിപ്പിക്കുന്ന ‘ട്രാൻസെന്റിങ്ങും’, സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്ന ‘ട്രാൻസിറ്റ്’ എന്ന പദവും ‘ട്രാൻസ്’ എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുന്ന പദത്തിൽ പ്രകടമാവുന്നുണ്ട്.

ബോധത്തിനും അബോധത്തിനും ഇടയിലുള്ള, യാഥാർഥ്യത്തിനും മിഥ്യക്കുമിടയിലുള്ള ഒരു ഉന്മാദ അവസ്ഥ. ഈ ഉന്മാദ അവസ്ഥ പല രീതിയിൽ, പല അളവിൽ തേടി നടക്കുന്ന ജീവികൾ കൂടിയാണ് മനുഷ്യർ. മനുഷ്യരെ ഭിന്നിപ്പിച്ചു ഭരിക്കുന്നവർക്കും, ഇഷ്ട ഭക്ഷണം കഴിക്കുമ്പോഴും, മെസ്സിക്ക് ഫുട്ബോൾ കളിക്കുമ്പോഴും, മനുഷ്യഹത്യ  ചെയുമ്പോൾ റിപ്പറിന് കിട്ടുന്നതുമെല്ലാം പല തരത്തിലുള്ള ആനന്ദമാണ്. ആ ആനന്ദം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോളുള്ള ഉന്മാദമായും ‘ട്രാൻസ്’ എന്ന അവസ്ഥയെ കരുതാം. ആ അവസ്ഥയിലേക്ക് വീണ്ടും വീണ്ടും എത്തിച്ചേരാൻ ഉള്ള വ്യഗ്രതയാണ് ആസക്തിയാവുന്നത്, ലഹരിയാവുന്നത്. എന്ത് ചെയ്തും അധികാരത്തിൽ തുടരാൻ ചില രാഷ്ട്രീയക്കാരെങ്കിലും ശ്രമിക്കുന്നത് അത് കൊണ്ടാണ്, ഒരു ദശാബ്‌ദത്തിലേറെ മൈതാനം അടക്കി വാണിട്ടും ഇപ്പോഴും മെസ്സിക്ക് ഫുട്ബോൾ മടുക്കാത്തത്, റിപ്പറെ പോലെയുള്ള തുടർകൊലപാതകികൾ ഒരു ദാരുണ കൊലപാതകം ചെയ്ത ആനന്ദത്തിൽ അടങ്ങാത്തത് എല്ലാം ഉന്മാദാവസ്ഥയിലേക്കു തിരിച്ചു പോകാനുള്ള, ആത്മരതി ആസ്വദിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്നുള്ള വീക്ഷണം ഒരു മനഃശാസ്ത്രവിഷയമാണ്.

Read Here: Trance Movie Review: ധീരമായ പരീക്ഷണം, ‘ട്രാന്‍സ്’ റിവ്യൂ

 

ഇത്തരം മനഃശാസ്ത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിഷയങ്ങൾ ആസ്പദമാക്കിയുള്ള ഹോളിവുഡ് ചിത്രങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ‘സ്കാർ ഫേസ്,’ ‘റിക്വേം ഫോർ എ ഡ്രീം,’ ‘വുൾഫ് ഓഫ് ദി വാൾ സ്ട്രീറ്റ്’ പോലെയുള്ള, ലോകത്താകമാനം ആരാധകരുള്ള ഹോളിവുഡ് ചിത്രങ്ങളിലെ മുഖ്യകഥാപാത്രങ്ങളെല്ലാം എന്തെങ്കിലും തരത്തിലുള്ള ആസക്തിയിൽ കീഴ്പെട്ടു ജീവിക്കുന്നവരായിരുന്നു. അതിന്‍റെ ഉന്മാദത്തിൽ നിറഞ്ഞാടുകയും, പിന്നീട് അതിന്റെ ഏറ്റവും വികൃതമായ അവസ്ഥയിൽ കൂടി കടന്നു പോയി തകർന്നടിയുന്ന കഥാപാത്രങ്ങളുടെ കാഴ്ചയാണ് ഇത്തരം ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഇതിൽ തന്നെ മനുഷ്യന്റെ ആർത്തി, കൂടുതൽ വേണമെന്നുള്ള ചിന്ത – അത് പണമായാലും അധികാരമായാലും, എന്ത് തരത്തിലുള്ള ലൗകിക സുഖമായാലും, അതിനെ ലഹരി വസ്തുക്കളോടുള്ള ആസക്തിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും ഇത്തരം ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. അമേരിക്കയിൽ നിന്നും തന്നെയുള്ള ‘ബ്രേക്കിംഗ് ബാഡ്,’ ‘നാർക്കോസ്‌,’ ‘മൈൻഡ് ഹണ്ടർ’ തുടങ്ങിയ ലോക പ്രശസ്തിയാർജിച്ച സീരിസുകളും ഇത്തരത്തിലുള്ള യൂണിവേഴ്സലായ, മനുഷ്യസഹജമായ വൈകല്യങ്ങൾ ഉള്ള കഥാപാത്രങ്ങളെ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷക സമൂഹത്തിനു വേണ്ടി നിർമിച്ച സ്രഷ്ടികളാണ്.

ഇങ്ങനെ ലഹരി വസ്തുക്കളോട് ഉണ്ടാവുന്ന ആസക്തിയും, വൻകിട കോർപറേറ്റുകളുടെ അന്തമില്ലാത്ത ആർത്തിയും, അധികാരത്തിനോടുള്ള ആര്‍ത്തിയും, മതാന്ധതയുമെല്ലാം ബന്ധിപ്പിക്കുന്ന ഘടനയും കഥാപാത്രങ്ങളുമാണ് ‘ട്രാൻസിൽ’ ഉപയോഗിച്ചിരുന്നതായി കാണാൻ കഴിയുക.

ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ട ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ‘ജോക്കർ’ എന്ന ചിത്രത്തിന്റെ സ്വാധീനവും ‘ട്രാൻസി’ൽ നിരീക്ഷിക്കാൻ കഴിയും. ആർതർ ഫ്ലെക്ക് എന്ന ദുരന്ത പൂർണമായ ഭൂതകാലമുള്ളയാൾ എങ്ങനെ സൈകോപത്തായ ജോക്കറായി എന്നതിന്റെ കാരണങ്ങളും, ‘ട്രാൻസി’ലെ വിജുവിൽ നിന്ന് ജോഷ്വാ കാൾട്ടനിലേക്കുള്ള യാത്രയും തമ്മിൽ സാമ്യതകൾ കാണാനാവും.

ദൂരന്തപൂര്‍ണ്ണമായ ഒരു ബാല്യകാലമാണ് ഈ രണ്ടു കഥാപാത്രങ്ങളിലും പൊതുവായി ഉള്ളത്. സാമ്പത്തികമായ ബുദ്ധിമുട്ടുകളും, വ്യക്തി ജീവിതത്തിൽ സംഭവിച്ച ആഘാതങ്ങളും ഈ രണ്ടു കഥാപാത്രങ്ങളുടെയും സമാനതകളാണ്. ഈ പ്രശ്നങ്ങൾക്കിടയിലും ജീവിതത്തിൽ പ്രതീക്ഷകൾ ഉള്ളവരായാണ് ചിത്രത്തിന്റെ തുടക്കത്തിൽ ഈ രണ്ടു കഥാപാത്രങ്ങളെയും കാണിക്കുന്നത്. പക്ഷേ ദുരന്തങ്ങൾ പിന്തുടരുമ്പോൾ, ഉറ്റവർ നഷ്ടപ്പെടുമ്പോൾ, ജീവിതം കൂടുതൽ കൂടുതൽ ചുരുങ്ങി, താങ്ങാനാവാത്ത ശൂന്യതയുടെ ഭാരത്തിൽ നിന്നും രക്ഷപ്പെടാൻ എന്ത് ചെയ്തും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന രണ്ടു ഉന്മാദികളായി മാറുകയാണ് ‘ജോക്കറി’ലെ ആർതർ ഫ്ലെക്കും, ‘ട്രാന്‍സി’ലെ വിജുവും. ഉറങ്ങാൻ പോലും കഴിയാതെ കരയുന്ന വിജുവും, ഉള്ളു നീറി കരയുമ്പോൾ പോലും ചിരിക്കേണ്ടി വരുന്ന ആർതർ ഫ്ലെക്കിന്റെ മനോസഞ്ചാരങ്ങളും തമ്മിലുള്ള സമാനതകളും കാണാതെ പോകാനാവില്ല. ടെലിവിഷന്‍ ഷോയിൽ ചെന്ന് ‘ജോക്കർ’ അവതാരകനെ ലൈവിൽ കൊലപ്പെടുത്തിയപ്പോൾ, ജോഷ്വാ തന്നെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനെ ലൈവിൽ അപായപ്പെടുത്തി. സന്ദര്‍ഭങ്ങളും കഥാഗതിയും വ്യത്യസ്തമാണെങ്കിൽ കൂടി, തന്റെ ശബ്ദം ലോകത്തിനെ കേൾപ്പിക്കാനായി, തന്റെ ശക്തി പ്രകടിപ്പിക്കാനായി ഈ രണ്ടു കഥാപാത്രങ്ങളും ഉപയോഗിച്ച മാർഗത്തിന്റെ സമാനതകളും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഫഹദ് ഫാസില്‍, ട്രാന്‍സ്, ട്രാന്‍സ് റിവ്യൂ, ട്രാന്‍സ് റേറ്റിംഗ്, Trance GCC Release, trance review, trance rating, trance full movie, trance full movie download, trance watch online, trance telegram
‘ജോക്കറും’ ട്രാന്‍സസും’ തമ്മില്‍?

വാണിജ്യ താല്പര്യങ്ങൾ മുന്നിൽ കണ്ടു ഉപയോഗിച്ച അമിതമായ സ്റ്റൈലിഷ് ട്രീട്മെന്റും, ക്യാമറ ആംഗിളുകളും, മാസ്സ് ഡയലോഗുകളും, ചില ക്ലിഷേകളും ‘ട്രാൻസി’ന്‍റെ പോരായ്മകള്‍ ആയി കണക്കാക്കമെങ്കില്‍ കൂടി ഉന്മാദത്തിന്റെ അവസ്ഥ, അത് ലഹരിയോ വിശ്വാസമോ, അധികാരമോ എന്തുമായിക്കൊള്ളട്ടെ, അതിന്റെ ഉന്മത്തമായ ആനന്ദകാഴ്ചകളെയും, ഭാവങ്ങളെയും, വശ്യവും, വന്യവുമായ സങ്കല്പങ്ങളെയുമെല്ലാം കാഴ്ചകളായും, ശബ്ദങ്ങളായും സംഗീതമായും ആഖ്യാനത്തിൽ ഉടനീളം പ്രതിഫലിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയിൽ അനുഭവപ്പെടുന്ന ആഴമില്ലായ്മ, ഇത്തരം ഉന്മാദകാഴ്ചകളിലൂടെയും, ശബ്ദങ്ങളിലൂടെയും പരിഹരിക്കാൻ സാങ്കേതിക പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

സമകാലിക ലോകസിനിമയിൽ ഇത്തരം അപൂർണമായ കാഴ്ചകളും, ഭ്രമിപ്പിക്കുന്ന ഫ്രെയിമുകളും, ശബ്ദങ്ങളും, എഡിറ്റിംഗും കൊണ്ട് ശ്രദ്ധേയനായ ഫ്രഞ്ച് സംവിധായകൻ ഗാസ്പെർ നോയുടെ ചിത്രങ്ങളുടെ ശൈലി ‘ട്രാൻസി’ലും കാണാനാവും. മിഥുൻ മുരളി എന്ന സ്വതന്ത്ര സംവിധായകൻ മലയാളത്തിൽ ചെയ്ത ‘ഹ്യൂമാനിയ’ എന്ന പരീക്ഷണ ചിത്രത്തിലും ഗാസ്പെർ നോ ശൈലി പ്രകടമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന കാഴ്ച ഫിലിം ഫെസ്റ്റിവലിൽ ‘ഹ്യൂമാനിയ’യുടെ പ്രദർശനത്തിന് ശേഷം മിഥുൻ താനൊരു ഗാസ്പെർ നോ ആരാധകനാണെന്നു പറയുകയും ചെയ്തിരുന്നു. ഗാസ്പെർ നോ ചിത്രങ്ങളിലെ മുഖ്യകഥാപാത്രങ്ങളും പല തരം ആസക്തികളും, സഹജമായ വൈകല്യങ്ങളും പേറുന്ന മനുഷ്യരാണ്, അതോടൊപ്പം ലഹരി പദാർത്ഥങ്ങളുടെ ഉത്തേജനത്തിനും അടിമപ്പെട്ട കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലേത്. ഇത്തരം സൈക്കോട്രോപിക് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കഥാപാത്രമാണ് ‘ട്രാൻസി’ലെ വിജുവും. അത്തരം മനുഷ്യരുടെ മാനസിക വ്യാപാരങ്ങളും, ഭ്രമിപ്പിക്കുന്ന കാഴ്ചകളും, ചിന്തകളും, വിഭ്രാന്തികളുമെല്ലാം ആഖ്യാനത്തിൽ, കാഴ്ചകളിൽ, ഫ്രെമിൽ, ശബ്ദത്തിൽ കൊണ്ട് വരാനും ‘ട്രാൻസി’നു സാധിച്ചിട്ടുണ്ട്.

ഭ്രാന്തിന്റെ അല്ലെങ്കിൽ ഉന്മാദത്തിന്റെ, ആസക്തിയുടെയെല്ലാം കടുത്ത വർണങ്ങളും, മായകാഴ്ചകളും ദൃശ്യങ്ങളിൽ കൊണ്ട് വരുന്ന രീതിയാണ് ഗാസ്പെർ നോ ചിത്രങ്ങളുടെ പ്രത്യേകത. ഈ ആഖ്യാന ശൈലി തന്നെയാണ് ‘ട്രാൻസി’ലും ഉപയോഗിച്ചിരുന്നതായി അനുഭവപ്പെടുക. ചില്ലുകൂട്ടിലെ മത്സ്യത്തിന്റെ വർണ്ണങ്ങളുടെ മിഴിവും, നിഗൂഢമായ നിറങ്ങളുടെ അതിപ്രസരിപ്പിൽ ചിന്നി ചിതറുന്ന കാഴ്ചകളുമെല്ലാം ‘സൈക്കഡലിക്’ എന്ന് അറിയപ്പെടുന്ന കാഴ്ചശീലത്തിന്റെ തുടർച്ചയാണ്. വർണാഭമായ, വശീകരിക്കുന്ന കളർ പാറ്റെൺസ് ഉപയോഗിക്കുന്ന, അബ്‌സ്ട്രാക്റ്റായ, നിറങ്ങളുടെ ആധിക്യം അനുഭവപ്പെടുന്ന ഒരു കാഴ്ച അനുഭവമായാണ് ‘സൈക്കഡലിക്’ കാഴ്ചശീലം മനസ്സിൽ അടയാളപ്പെടുന്നത്. അത്തരം കാഴ്ചകൾ ഘടനയിലും ആഖ്യാനത്തിലും കൊണ്ട് വരുന്നത് ‘ട്രാൻസി’നെ ദൃശ്യ ഭാഷയുടെ പുതിയ ലോകങ്ങൾ മലയാളത്തിൽ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രമാക്കുന്നുണ്ട്.

‘ട്രാന്‍സി’ന്റെ രാഷ്ട്രീയ പരിസരങ്ങള്‍

ഹിന്ദുത്വശക്തികൾ രാജ്യത്ത് ഫാസിസം നടപ്പിലാക്കുന്ന കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത്, യൂണിവേഴ്സലായ ഒരു വിഷയത്തെയാണ് ‘ട്രാന്‍സ്’ കൈകാര്യം ചെയ്യുന്നതെങ്കിൽ കൂടി, മതാന്ധത, അന്ധവിശ്വാസം തുടങ്ങിയ പൊള്ളത്തരങ്ങളെ വളരെ ശക്തമായി തുറന്നു കാട്ടുകയും, വിമർശിക്കുകയും ചെയ്യുന്ന ചിത്രമെന്ന നിലയിൽ, എന്ത് കൊണ്ട് ഒരു പാസ്റ്ററിന്റെ ജീവിതത്തിനു പകരം ‘ട്രാൻസി’ന്റെ സ്രഷ്ടാക്കൾ ഹിന്ദു ‘ഗോഡ്മെന്‍’മാരെയോ, സിദ്ധന്മാരെയോ മാതൃകയാക്കി ഒരു കഥാപാത്രത്തെ സങ്കല്പിച്ചില്ല എന്ന ചോദ്യം ബാലിശമായി കരുതാനാവില്ല. ആ ഒരു സാധ്യത തള്ളി, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പാസ്റ്ററിനെ ചിത്രത്തിലെ പ്രധാന കഥാപാത്രമാക്കാന്‍, ‘ട്രാൻസി’ന്റെ സ്രഷ്ടാക്കളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാവാം എന്നത് ചിന്തിക്കാവുന്നതാണ്. ഒരുപക്ഷേ അത്തരം ഒരു സാധ്യത പരീക്ഷിച്ചിരുന്നെങ്കിൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരിക്കലും സെന്‍സര്‍ ബോർഡ് ക്‌ളിയറൻസ് കിട്ടാതെ, ഈ പ്രൊജക്റ്റ് തിയേറ്റർ കാണാതെ പോകും എന്ന ഭയം കൊണ്ടാണോ ഹിന്ദുത്വ പരിസരങ്ങൾ ‘ട്രാൻസി’ൽ കാണാതെ പോയത്?

പ്രത്യക്ഷത്തിൽ അല്ലെങ്കിൽ കൂടി ഇപ്പോഴത്തെ കേന്ദ്ര ഭരണകൂട നയങ്ങളോട് പല രീതിയിലും എതിർപ്പു പ്രകടപ്പിച്ചിട്ടുള്ള അമൽ നീരദ്, ഫഹദ് ഫാസിൽ തുടങ്ങിയ പ്രതിഭകൾ ഒരുമിച്ച ‘ട്രാൻസി’ൽ, മതാന്ധതയുടെയും, അന്ധവിശ്വാസത്തിന്റയും, കോർപ്പറേറ്റ് ചൂഷണത്തിന്റെയും അന്തകരായി കേരളത്തിലെ ഇടതുപക്ഷത്തെ ഗ്ലോറിഫൈ ചെയ്യാനെന്നോണം, അരിവാളും, പാർട്ടി ഓഫീസും ഒക്കെ ക്ലൈമാക്സിനോട് അടുത്ത് കാണിക്കുന്നുണ്ട്. അത്തരം ഒരു ഇടതുപക്ഷ സിമ്പോളിസം പ്രകടമാകണം എന്നുള്ള നിർബന്ധബുദ്ധിയുള്ള അണിയറപ്രവര്‍ത്തകര്‍ക്ക്, ഹിന്ദുത്വ ഫാസിസിസത്തിനെതിരെ ഒരു ഒളിയമ്പ് പോലുമെയ്യാന്‍ ധൈര്യമില്ലാതെ പോയതെന്തേ? മതമെന്ന തൊട്ടാൽ പൊള്ളുന്ന വൈകാരികതയെ വിമർശിക്കുകയും വേണം സംസ്‌ഥാന-കേന്ദ്ര സെന്‍സര്‍ ബോർഡുകൾ എളുപ്പത്തിൽ മറികടക്കുകയും വേണം എന്നുള്ള ചിന്തയാവാം ഹിന്ദുത്വ ചിഹ്നങ്ങൾ, പരിസരങ്ങൾ എന്നിവ ചിത്രത്തിൽ അടയാളപ്പെടുത്താൻ ‘ട്രാൻസി’ന്റെ സ്രഷ്ടാക്കൾ മുതിരാത്തത്.

‘ട്രാന്‍സ്’ അണിയറപ്രവര്‍ത്തകര്‍

ഇതെല്ലാം ശ്രദ്ധിച്ചിട്ടു കൂടി ഒരു മതവികാരത്തെയും വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡിനെ ബോധ്യപെടുത്തിയിട്ടാണ് ‘ട്രാൻസ്’ തീയേറ്ററുകളിൽ എത്തിയത്. ‘ട്രാൻസി’നോടൊപ്പം ഇറങ്ങിയ ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ശംഭു പുരുഷത്തമന്റെ രണ്ടാം ചിത്രവും ഇത്തരത്തിൽ ചില എളുപ്പ വഴികൾ സ്വീകരിച്ചു കൊണ്ട് സാമൂഹിക വിമർശനം നടത്താൻ ശ്രമിച്ചിട്ടുളള ചിത്രമാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘വെടിവഴിപാട്,’ സെന്‍സര്‍ ബോർഡുമായുള്ള തർക്കങ്ങൾക്കു വിധേയമായി കഴിഞ്ഞാണ് റിലീസിന് എത്തിയത്. കപട സദാചാര ബോധങ്ങളെ ആക്ഷേപിച്ച ‘വെടിവഴിപാടി’ന്റെ പശ്ചാത്തലം ആറ്റുകാൽ പൊങ്കാല ആയിരുന്നു. ഒരു ഹിന്ദു ക്ഷേത്രത്തിലെ ലോകപ്രശസ്തമായ ഒരു ആചാരത്തിന്റെ പരിസരങ്ങളും, മലയാളിയുടെ കപട ലൈംഗിക സങ്കല്പങ്ങളെയും, സദാചാരത്തെയും വളരെ രസകരമായി ലിങ്ക് ചെയ്യിപ്പിക്കുന്ന കാഴ്ചയായിരുന്നു ‘വെടിവഴിപാടി’ലേത്. എന്നാൽ ഇതേ ആശയങ്ങൾ തന്നെ കൈകാര്യം ചെയുന്ന ശംഭു പുരുഷത്തമന്റെ രണ്ടാമത്തെ ചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’യിലേക്ക് എത്തിയപ്പോൾ കഥാപരിസരം മുഴുവനായും ഒരു ക്രിസ്ത്യൻ പശ്ചാത്തലമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. ഇത്തവണ അദ്ദേഹത്തിന് സെന്‍സര്‍ ബോർഡുമായി തർക്കമൊന്നും ഉണ്ടായതായി വാർത്ത കണ്ടതുമില്ല.

കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച മലയാളി സംവിധായകന്‍ സനൽകുമാർ ശശിധരന്റെ അവസാന മൂന്ന് ചിത്രങ്ങളുടെ സഞ്ചാരം നോക്കിയാലും ഇത്തരത്തിൽ ഹിന്ദുത്വവൽക്കരിക്കപ്പെട്ട, സെന്‍സര്‍ ബോർഡ് സംവിധാനങ്ങളോടുള്ള വിധേയത്വമോ ഭയമോ കാരണം ഉൾപ്പെടുത്താതെ പോവുന്ന രാഷ്ട്രീയ പരിസരങ്ങളും സാഹചര്യങ്ങളും അനുഭവപ്പെടും. തന്റെ ഏറ്റവും അവസാന ചിത്രമായ ‘ചോല’യിൽ ഹിന്ദുത്വ ചിഹ്നങ്ങളെ, പരിസരങ്ങളെ, സനൽ എന്ന ദൃശ്യകലാകാരൻ ഉള്‍പ്പെടുത്തുന്നില്ല. ദുര്‍ഗ എന്ന ഹിന്ദു ദേവതയുടെ പേരും, ഹിന്ദു ക്ഷേത്ര ആചാരത്തിന്റെ പരിസരങ്ങളും ഉൾപ്പെടുത്തി എന്ന കാരണങ്ങൾ കൊണ്ട് സനലിന്റെ ‘സെക്സി ദുര്‍ഗ‘ എന്ന, ‘എസ് ദുര്‍ഗ’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടചിത്രം വലിയ രീതിയിലുള്ള വിവാദങ്ങൾക്കും സെന്‍സറിംഗിനും വിധേയമായിട്ടുണ്ട്. എന്നാൽ ‘ചോല’ എന്ന ചിത്രത്തിൽ സനൽ അത്തരം വിവാദമായേക്കാവുന്ന, സെന്‍സര്‍ ബോർഡിന് ഇഷ്ടക്കേടുണ്ടാക്കുന്ന ഹിന്ദു ചിഹ്നങ്ങൾ/പരിസരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെ മലയാള സിനിമയിൽ, പ്രത്യേകിച്ചു സാമൂഹിക വിഷയങ്ങൾ ചർച്ച ചെയുന്ന ചിത്രങ്ങളുടെ സ്രഷ്ടാക്കൾ എന്ത് കൊണ്ടാണ് ഹിന്ദുത്വ ശക്തികളെ ഒരു തരത്തിലും അസ്വസ്ഥരാക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു എന്നുള്ളത് ഫാസിസം ആന്തരികമായി ഇത്തരം കലാകാരന്മാരിൽ പോലും പ്രവർത്തിക്കുന്നു എന്നുള്ളതിന്റെ സൂചനയായി പോലും കണ്ടാൽ അത്ഭുതപ്പെടാനില്ല.

Read Here: എന്തു കൊണ്ട് സെക്‌സി ദുർഗ ? സനൽ കുമാർ ശശിധരൻ പറയുന്നു

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Socio political landscape of fahad fazil anwar rasheed trance movie