scorecardresearch
Latest News

യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയില്‍; ഓഫറുമായി അരുണ്‍ ഗോപി

ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും

Hanan Pranav Mohanlal
Hanan Pranav Mohanlal

ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം ഹനാന്‍ എന്ന കൊച്ചു മിടുക്കിയാണ്. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകിട്ട് കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍. ജീവിതത്തിലെ വെല്ലുവിളികളെ ചിരിച്ചു കൊണ്ട് നേരിടുന്ന ഹനാന്റെ കഥ മാധ്യമങ്ങളിലൂടെയാണ് പൊതു ജനം അറിയുന്നത്. ഇതോടെ ഹനാനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തത്തെത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹനാന്റെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചേക്കാവുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.

ഹനാന് തന്റെ പുതിയ ചിത്രത്തിലേക്ക് അവസരം നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകനായ അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹനാന് ഒരു വേഷം നല്‍കാമെന്ന് അരുണ്‍ ഗോപി അറിയിച്ചിരിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ഹനാനെ കുറിച്ച് അരുണ്‍ അറിയുന്നത്. അഭിനന്ദിക്കാനായി വിളിച്ചപ്പോഴാണ് ഹനാന് അഭിനയത്തില്‍ താല്‍പര്യമുണ്ടെന്നും അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണെന്നും അറിയുന്നത്. ഇതോടെയാണ് അവളെ തന്റെ സിനിമയിലേക്ക് അരുണ്‍ ഗോപി ക്ഷണിച്ചത്.

‘ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന വേതനവും ഉറപ്പുവരുത്തും.’ അരുണ്‍ ഗോപി പറയുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുകയാണ് അരുണ്‍ഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം.

തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞു. അതോടെ അമ്മ മാനസികമായി തളര്‍ന്നു. പ്ലസ്ടുവിന് അനിയനെ വളര്‍ത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായാണ് ഹനാന്‍ മീന്‍ വില്‍ക്കാന്‍ ഇറങ്ങിയത്. പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. അങ്ങനെയാണ് കോളജില്‍ ചേരാനുള്ള പണം കണ്ടെത്തിയത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.

ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള്‍ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Social media star hanan to be in pranav mohanals next