2023ലെ ആദ്യ സൂപ്പർഹിറ്റായി മാറി ചിത്രമാണ് ‘രോമാഞ്ചം.’ ഹൊറർ – കോമഡി ചിത്രം 70 കോടിയിലധികം നേടിയിരുന്നു. സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങൾക്കൊപ്പം അനവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിട്ടു. ‘രോമാഞ്ച’ത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ഈ വേളയിലാണ് ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
ചിത്രത്തിൽ സിനുമോൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചത്. എലി ശല്യം കാരണം ബുദ്ധിമുട്ടുന്ന വീട്ടിൽ വിഷം വച്ചാണ് താമസക്കാർ എലിയെ കൊല്ലുന്നത്. സിനുമോൻ ഇതേ വീട്ടിൽ താമസിക്കാൻ വരുമ്പോൾ എലിയെ കണ്ടപ്പാടെ അതിനെ മതിലിൽ അടിച്ച് കൊല്ലുന്നു. സിനുമോന് എലികളോട് എന്താണിത്ര ദേഷ്യമെന്നതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
”പറക്കും തളിക’ എന്ന ചിത്രത്തിൽ ഹരിശ്രീ അശോകന് എലിയോടുള്ള പ്രതികാരത്തിൽ നിന്നാണ് ഇതെല്ലാം ആരംഭിച്ചതെന്നാണ് സോഷ്യൽ മീഡിയ തമാശപൂർവ്വം പറയുന്നത്. അച്ഛന് കൊടുത്ത വാക്ക് സിനുമോൻ പാലിക്കുകയാണെന്നും ചിലർ കമന്റ് ബോക്സിൽ പറയുന്നുണ്ട്. അർജുൻ അശോകനും ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. സംവിധാനയൻ ജിത്തു മാധവനും പോസ്റ്റിനു താഴെ കമന്റ് ചെയ്തു.