വിദേശ താരങ്ങള്‍ മുമ്പും മലയാള സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. വില്ലനായും സഹതാരവുമായെല്ലാം അഭിനയിച്ചുണ്ട്. പക്ഷെ അന്നൊന്നുമില്ലാത്ത അത്ര സ്‌നേഹത്തോടെ മലയാളികള്‍ ഇന്ന് സാമുവല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനെ നെഞ്ചേറ്റുകയാണ്. മലയാളികളുടെ സ്വന്തം സുഡുവാണ് സാമുവലിന്ന്. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായ ‘സുഡാനി ഫ്രം നൈജീരിയ’ സൂപ്പര്‍ ഹിറ്റായി ഓടുകയാണ്.

കാഴ്‌ചയുടെ പുതു ചരിത്രമായി ചിത്രം മാറുമ്പോള്‍, ‘സുഡാനി ഫ്രം നൈജീരിയ’ അത്ര പുതിയ ഐഡിയ അല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. സുഡാനി ഫ്രം നൈജീരിയ എന്ന പേര് നേരത്തെ തന്നെ പ്രഖ്യാപിച്ച ഒരു മുഹ്‌സിന്‍ ബ്രില്യന്‍സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മുഹ്‌സിന്റെ ചിത്രമായ ‘കെഎല്‍ 10 പത്തി’ലെ ഒരു രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. മലപ്പുറത്തെ ജീവിതവും ഫുട്‌ബോള്‍ സ്‌നേഹവും പറഞ്ഞതായിരുന്നു ‘കെഎല്‍ 10 പത്ത്’. ചിത്രത്തിലെ ഒരു രംഗത്തില്‍ നീരജ് മാധവ് പറയുന്ന ഡയലോഗ് ഇങ്ങനെയാണ്, ‘ഓന്‍ വന്നില്ലെങ്കില്‍ എന്താ? എന്റേക്കലൊരൂസാറ് ഐഡിയ ഉണ്ട്, സുഡാനി ഫ്രം നൈജീരിയ.’ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആദ്യ ചിത്രത്തില്‍ നടത്തിയ മുഹ്‌സിന്‍ മാജിക്കാണെന്നാണ് സോഷ്യല്‍ മീഡിയ തമാശ രൂപേണ പറയുന്നത്.

സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യുടെ സഹ തിരക്കഥാകൃത്താണ് മുഹ്‌സിന്‍. രണ്ട് ചിത്രങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യതകളുമുണ്ട്. തിയേറ്ററില്‍ പരാജയപ്പെട്ട ‘കെഎല്‍ 10 പത്ത്’ പിന്നീട് സോഷ്യല്‍ മീഡിയയിൽ ഏറ്റെടുക്കപ്പെട്ടിരുന്നു. ‘കെഎല്‍ 10 പത്തി’ലെ ഇപ്പോള്‍ കുത്തിപ്പൊക്കിയ ഡയലോഗ് പക്ഷെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമൊന്നുമായിരുന്നില്ല എന്നതാണ് വാസ്തവം. സംവിധായകനും സിനിമാട്ടോഗ്രാഫറുമായ വിമല്‍ കുമാറാണ് ഈ രസകരമായ കണ്ടെത്തലിന് പിന്നില്‍.

മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ആഫ്രിക്കന്‍ താരങ്ങള്‍. നൈജീരിയ, സുഡാന്‍, ഉഗാണ്ട തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ സെവന്‍സ് കളിക്കാനെത്തുന്നുണ്ട്. ഇവരെ എല്ലാവരേയും പക്ഷെ ആരാധകര്‍ വിളിക്കുന്നത് സുഡാനിയെന്നും സുഡുവെന്നുമൊക്കെയാണ്. ഇത് മുഹ്‌സിന്‍ കെഎല്‍ 10 പത്തിലും പ്രയോഗിച്ചു എന്നുമാത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ