മലയാള സിനിമയിലിത് ചരിത്ര സിനിമകളുടേയും ഇതിഹാസ സിനിമകളുടേയും സമയമാണ്. മുന്‍ നിര താരങ്ങളില്‍ പലരും തങ്ങളുടെ ചരിത്ര സിനിമകളുമായി ഉടനെ തന്നെ ബോക്‌സ് ഓഫീസിലെത്തും. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കുഞ്ഞാലിമരക്കാര്‍ സിനിമകളും മോഹന്‍ലാലിന്റെ രണ്ടാമൂഴവും ഒടിയനും മമ്മൂട്ടിയുടെ മാമാങ്കവുമെല്ലാം മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

ഇപ്പോഴിതാ മലയാളത്തിലെ യുവതാരം ജയസൂര്യയും ചരിത്ര സിനിമയുമായി എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വിജയമാക്കിയ ജയസൂര്യയിന്ന് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്.

കഴിഞ്ഞ ദിവസം ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് അഭ്യൂഹങ്ങള്‍ക്ക് ആധാരം. ഇതിഹാസ പുരുഷന്‍ തച്ചോളി ഒതേനനായി ജയസൂര്യ എത്തുന്നു എന്നാണ് അഭ്യൂഹങ്ങള്‍. തച്ചോളി ഒതേനനായി ജയസൂര്യയെ അവതരിപ്പിക്കുന്ന പെയ്ന്‍റിങ്ങാണ് കഴിഞ്ഞ ദിവസം ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ജയസൂര്യയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. താരത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചനയാണ് പോസ്‌റ്റെന്നാണ് ചില ആരാധകര്‍ വിലയിരുത്തുന്നത്. അതേസമയം, തന്നെ തച്ചോളി ഒതേനനാക്കിയുള്ള ആരാധകന്റെ വര താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

ജയസൂര്യ തച്ചോളി ഒതേനനാകുന്നതിന്റെ സന്തോഷം അറിയിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ ഇത് വെറും പെയ്ന്റിങ് മാത്രമാണെന്നും അല്ലാതെ തച്ചോളി ഒതേനനായി ജയസൂര്യ അഭിനയിക്കുന്നില്ലെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നുണ്ട്. ചിത്രത്തിന് പിന്നിലെ സൃഷ്ടാവ് ആരാണെന്നതിനെ കുറിച്ചും പുതിയ പ്രോജക്ടാണോ എന്നതിനെ കുറിച്ചും ജയസൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു യുവതാരം പൃഥ്വിരാജ് തന്‍റെ ചരിത്രസിനിമയുടെ പ്രഖ്യാപനം നടത്തിയത്. കാളിയനായി പൃഥ്വി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യയുടെ ചരിത്ര സിനിമയുടെ അഭ്യൂഹങ്ങള്‍ പരക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ