തെലുങ്കു സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ അടുത്തിടെയാണ് നടി ശ്രീ റെഡ്ഡി അര്‍ദ്ധ നഗ്നയായി തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ദിവസങ്ങള്‍ കഴിയും തോറും ഈ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ എണ്ണം കൂടുകയാണ്, പേരുകള്‍ മാത്രമേ മാറുന്നുള്ളൂ.

കഴിഞ്ഞദിവസം നടന്ന ചാനല്‍ ചര്‍ച്ചയിലാണ് പ്രമുഖ സാമൂഹിക പ്രവര്‍ത്തക സന്ധ്യ, തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ഡോക്ടര്‍ രാജശേഖറിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണമുന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ കാമപൂര്‍ത്തീകരണത്തിന് കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭാര്യയും നടിയുമായ ജീവിത രാജശേഖര്‍ ചൂഷണം ചെയ്യുന്നുണ്ടെന്ന് സന്ധ്യ ആരോപിച്ചു.

സിനിമാ ലോകത്തെ ആകെ പിടിച്ച്കുലുക്കിയിരിക്കുകയാണ് പുതിയ വിവാദം. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പലതരത്തില്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തന്റെ ഭര്‍ത്താവിന് ലൈംഗികമായി ഉപയോഗിക്കുന്നതിനായി ഇവര്‍ എത്തിക്കുന്നുവെന്നാണ്, വനിത സംഘടന പ്രവര്‍ത്തകയായ സന്ധ്യ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ആരോപിച്ചത്.

അതേസമയം, ആരോപണങ്ങൾക്കു മറുപടിയുമായി ജീവിത രംഗത്തെത്തിയിട്ടുണ്ട്. സന്ധ്യ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ അവർ ആവശ്യപ്പെട്ടു. മാത്രല്ല, സന്ധ്യയ്ക്കും, ചാനലിനും എതിരെ അപകീർത്തി കേസ് നൽകാൻ തീരുമാനിച്ചതായും ജീവിത അറിയിച്ചു. ശ്രീ റെഡ്ഡി ഉന്നയിച്ച ആരോപണത്തിനും ജീവിത മറുപടി പറഞ്ഞു. വർഷങ്ങളായി ചതിക്കപ്പെടാൻ ശ്രീ റെഡ്ഡി കൊച്ചുകുട്ടിയൊന്നും അല്ലല്ലോ എന്നവർ ചോദിച്ചു.

എന്നാൽ ജീവിതയുടെ ചോദ്യങ്ങൾക്ക് വിശദീകരണവുമായി സന്ധ്യയും എത്തി. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനുള്ള വ്യക്തമായ രേഖകൾ തന്റെ പക്കലുണ്ടെന്ന് അവർ പറഞ്ഞു. ഏതു തരത്തിലുള്ള നിയമനടപടികൾ നേരിടാനും താൻ ഒരുക്കമാണെന്നും അവർ അറിയിച്ചു.

ഡോക്ടർ രാജശേഖറും ഭാര്യയും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ജീവിത സെൻസർ ബോർഡിന്റെ സെട്രൽ കമ്മിറ്റി അംഗവുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ