കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ ഓർക്കുകയാണ് നടി ശോഭിത ധൂലിപാല. ഒരു പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താൽ പുറത്താക്കിയ അനുഭവവും വർഷങ്ങൾക്ക് ശേഷം അതേ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസഡറായി കരാർ ഒപ്പിടാൻ കഴിഞ്ഞതും ശോഭിത ഓർത്തെടുത്തു.
മോഡലിംഗിലെ തന്റെ തുടക്കക്കാലത്ത് ധാരാളം ടിവി പരസ്യങ്ങളുടെ ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ടെന്നും എന്നാൽ ഒന്നിൽ പോലും തന്നെ ഭാഗ്യം തുണച്ചില്ലെന്നും ശോഭിത.“എനിക്ക് ഒരു അവസരം പോലും കിട്ടിയില്ല, കാരണം എനിക്ക് സൗന്ദര്യമോ ആകർഷണീയതയോ ഇല്ലെന്ന് അവർ എന്നോട് പറഞ്ഞു,” മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭിത.
കൗമാരപ്രായത്തിൽ, തന്റെ രൂപത്തെകുറിച്ച് ആത്മവിശ്വാസം തോന്നിയിരുന്നെങ്കിലും 20കളോട് അടുത്തപ്പോൾ ആത്മവിശ്വാസം കുറയുകയാണ് ഉണ്ടായതെന്നും ശോഭിത ഓർത്തു. ലോറിയലിന്റെ ബാക്ക് ഗ്രൗണ്ട് മോഡലാവാനുള്ള ഓഡിഷനിൽ പങ്കെടുത്ത അനുഭവവും ശോഭിത പങ്കിട്ടു.
“അതുമെനിക്ക് കിട്ടിയില്ല. ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നിൽക്കാൻ അവർ അനുവദിച്ചില്ല. മൂന്നു വർഷം മുൻപ് അതേ ബ്രാൻഡുമായ ഞാൻ കരാർ ഒപ്പിട്ടത് മികച്ചൊരു അനുഭവമായിരുന്നു. ഞാനന്ന് ഐശ്വര്യ റായ് ബച്ചനൊപ്പമാണ് അഭിനയിച്ചത്. ഞങ്ങൾ ഷാംപൂ കൈമാറുന്നു, പരസ്യം ചെയ്യുന്നു.”
രമൺ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് ശോഭിത ധൂലിപാല അരങ്ങേറ്റം കുറിച്ചത്, എന്നാൽ 2019-ൽ ആമസോൺ പ്രൈം വീഡിയോ സീരീസായ മേഡ് ഇൻ ഹെവനിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ശോഭിത പ്രശസ്തയായത്. മലയാളത്തിൽ മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലും ശോഭിത വേഷമിട്ടിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ദി നൈറ്റ് മാനേജറിലാണ് ശോഭിത അവസാനമായി അഭിനയിച്ചത്. ഈ സീരിസിന്റെ രണ്ടാം സീസൺ ജൂണിൽ പുറത്തിറങ്ങും.