ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. കുടുംബസമേതം പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് സ്നേഹ ഇപ്പോൾ. മക്കളായ വിഹാനെയും ആദ്യന്തയേയും താരദമ്പതികൾക്കൊപ്പം ചിത്രങ്ങളിൽ കാണാം.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. തമിഴ് സിനിമാതാരങ്ങളും പൊങ്കൽ ആഘോഷിക്കുകയാണ്. സൂര്യ, കാർത്തി, ശിവകാർത്തികേയൻ എന്നിവരും കഴിഞ്ഞ ദിവസം പൊങ്കൽ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
നാലുദിവസം നീണ്ടുനിൽക്കുന്നതാണ് പൊങ്കൽ ആഘോഷം. തൈമാസത്തിന്റെ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന പൊങ്കൽ നാലുദിവസങ്ങളിലായാണ് നടക്കുക. ഈ വർഷം ജനുവരി 14 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷം.