ടെലിവിഷൻ പരിപാടികളുടെ നിർമാതാവ് ഏക്താ കപൂർ കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റിലെ ചൂടേറിയ ചർച്ചാ വിഷയം. 1998ലെ മിസ് ഇന്ത്യ മത്സരത്തിന്റെ ഒരു വീഡിയോ ആണ് ഏക്ത പങ്കുവച്ചിരിക്കുന്നത്. അതിലെ ഒരു മത്സരാർഥി ഏക്തയുടെ സുഹൃത്തും ബിജെപി നേതാവും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമാണ്. മറ്റാരുമല്ല, സ്മൃതി ഇറാനിയാണ് അത്.
മത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് 21 വയസായിരുന്നു സ്മൃതിയ്ക്ക്. അന്നും രാഷ്ട്രീയത്തിൽ താത്പര്യമായിരുന്നു അവർക്ക്. വേദയിൽ സ്മൃതി രാഷ്ട്രീയത്തോടുള്ള തന്റെ താത്പര്യത്തെ കുറിച്ച് സംസാരിക്കുന്നുമുണ്ട്.
“ഞാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, സാഹസിക വിനോദളും കായിക ഇനങ്ങളും ഇഷ്ടപ്പെടുന്നു,” വീഡിയോയിൽ സ്മൃതി ഇറാനി പറയുന്നു. റാമ്പിൽ 11ാം നമ്പർ മത്സരാർഥിയാണ് സ്മൃതി. “സംസ്കാരങ്ങളുടേയും മതങ്ങളുടേയും ഇടം കൂടിയാണ് ഇന്ത്യ. അതിൽ എനിക്ക് താത്പര്യമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയവും എനിക്ക് താത്പര്യമുള്ള മേഖലയാണ്,” സ്മൃതി പറയുന്നു.
“വിജയം എളുപ്പമാണെന്ന് കരുതുന്ന ആളുകൾക്ക് വേണ്ടിയാണ് ഇത് പങ്കുവയ്ക്കുന്നത്… ഇത് കഠിനമാണ്, ബുദ്ധിമുട്ടാണ്, പക്ഷേ കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും വിജയം കൈവരിയ്ക്കാം,” എന്നും ഇത് തന്റെ സുഹൃത്തിനെ അഭിനന്ദിക്കാനുള്ള പോസ്റ്റാണ് എന്നു പറഞ്ഞുകൊണ്ടാണ് ഏക്ത കപൂർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“ശക്തയും എളിമയുള്ളവളുമായ ഒരു രാഷ്ട്രീയക്കാരിയായി അവളുടെ വ്യക്തിത്വം മാറിയിരിക്കുന്നു. പക്ഷേ, തുടക്കത്തിൽ അവൾ സൗമ്യയും ലജ്ജാശീലയുമായ ഒരു പെൺകുട്ടിയായിരുന്നു …” ബാലാജി ടെലിഫിലിംസിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായ ഏക്ത പറയുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.