“ഒരു ദിവസം, ഞാൻ വളർന്നു വലുതായി തലയുയർത്തി പിടിച്ച്, മനോഹരവും ആഴമേറിയതും കടുത്ത ചാരനിറവുമുള്ള നിങ്ങളുടെ ആ വലിയ മിഴികളിലേക്ക് നോക്കി പറയും, നിങ്ങളുടെ മകനാവാൻ ഞാൻ അർഹനായിരിക്കുന്നുവെന്ന്…. നിങ്ങളീ ലോകം മുഴുവൻ സ്വന്തമാക്കി. എന്റെ ലോകം നിങ്ങളാവാനാണ് ഞാനാഗ്രഹിച്ചത്. എന്റെ ജീവിതത്തിന്റെ പകുതിയോളം അമ്മയ്ക്ക് അഭിമാനം തോന്നുന്ന മകനാവാനാണ് ഞാൻ ശ്രമിച്ചത്,” അകാലത്തിൽ മരണമടഞ്ഞ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രിയായ സ്മിത പാട്ടിലിന്റെ ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് മകനും അഭിനേതാവുമായ പ്രതീക് ബബ്ബർ കുറിക്കുന്നു.
തീക്ഷ്ണമായ കണ്ണുകളും നിർഭയത്വം നിറഞ്ഞ മുഖഭാവവും പ്രകാശം പരത്തുന്ന ചിരിയുമായി ഒരു തലമുറയുടെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങി അകാലത്തിൽ മരിച്ചുപോയ തന്റെ അമ്മയെ കണ്ട ഓർമ്മ പോലും പ്രതീകിനില്ല. പ്രതീകിന് ജന്മം നല്കി ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പ്രസവാന്തരമുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം സ്മിത മരണപ്പെടുകയായിരുന്നു.
ജീവിച്ചിരുന്നെങ്കിൽ ഇന്ന് 63-ാം പിറന്നാൾ ആഘോഷിക്കുമായിരുന്ന സ്മിത പാട്ടീലിനെ ഓർത്തെടുക്കുകയാണ് മകൻ പ്രതീക്. സ്മിത പാട്ടീൽ, രാജ് ബബ്ബർ ദമ്പതികളുടെ ഏക മകനായ പ്രതീക് ബോളിവുഡിലെ യുവനടൻമാരിൽ ശ്രദ്ധേയനാണ്.
സ്മിത പാട്ടീൽ വിടവാങ്ങി 30 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ സിനിമ ഇപ്പോഴും പുതിയ പ്രതിഭകളുടെ മാറ്റുരയ്ക്കുന്നത് സ്മിത എന്ന അഭിനയബിംബത്തോട് മാറ്റുരച്ചാണ്. സ്മിതയേപ്പോലൊരു നടി ഇനിയുണ്ടാവുക സാധ്യമല്ലെന്ന രീതിയിൽ അത്ര ഉജ്ജ്വലമായൊരു കരിയറാണ് അവർ പടുത്തുയർത്തി കടന്നുപോയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകനായ ശിവാജിറാവു പാട്ടിലിന്റെ മകളായി ജനിച്ച സ്മിത ദൂരദർശനിൽ അവതാരകയായിരുന്നു. ശ്യാം ബെനഗലാണ് സ്മിത പാട്ടീൽ എന്ന അഭിനേത്രിയെ ബോളിവുഡിന് പരിചയപ്പെടുത്തി കൊടുത്തത്. തന്നെ തേടിയെത്തിയ ചിത്രങ്ങള്‍ വളരെ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുത്ത സ്മിത ഓരോ വേഷവും അവിസ്മരണീയമാക്കി, മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് വരെ സ്വന്തമാക്കി. സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍ തുടങ്ങിയ പ്രതിഭാധനരായ സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ സ്മിത അഭിനയിച്ചു.
അർഥ്, ഭൂമിക, മിർച്ചി മസാല, ചക്ര, സുഭഹ്, ആഖിർ കോൻ, നമക് ഹലാൽ, ശക്തി, അനോഖ രിഷ്താ, അൻഗാരെ, നസ്രാന, അമൃത്, ഭീഗി പാല്‍ക്കന്‍, ആജ് കീ ആവാസ്, തുടങ്ങി 75 ലേറെ ചിത്രങ്ങളിലൂടെ ബോളിവുഡിൽ മാജിക്കലായ അഭിനയം കാഴ്ച വെച്ച സ്മിത 1985ൽ അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
1986 ൽ ഒരു ഡിസംബർ 13ന്റെ നഷ്ടമായി തന്റെ 31-ാം വയസ്സിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനയപ്രതിഭയായ സ്മിത പാട്ടീൽ.