കാനിൽ തിളങ്ങി നില്‍ക്കുന്ന, എഴുപതുകളിലെ ഇന്ത്യന്‍ സമാന്തര സിനിമകളുടെ പെണ്‍മുഖമായിരുന്ന സ്മിത പാട്ടിലിന്റെ അതി മനോഹരമായൊരു ഓര്‍മച്ചിത്രം പങ്കുവെച്ച് മകന്‍ പ്രതീക് ബബ്ബര്‍. 1976ലെ കാന്‍ ചലച്ചിത്രോത്സവത്തിനിടയിലുള്ള ചിത്രമാണ് സ്മിതയുടെയും രാജ് ബബ്ബറിന്റെയും മകനായ പ്രതീക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

mommy boss at cannes.. many.. many light years ago..

A post shared by Prateik Babbar (@_prat) on

സ്മിതാ പാട്ടില്‍, ശബാന ആസ്മി എന്നിവര്‍ സംവിധായകന്‍ ശ്യാം ബെനഗലിനൊപ്പം നടന്നു നീങ്ങുന്ന ചിത്രമാണ് പ്രതിക് ഇന്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘മമ്മി ബോസ് അറ്റ് കാന്‍സ്’ എന്ന അടികുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ശ്യാം ബെനഗലിന്റെ നിഷാന്ത് എന്ന സിനിമ അന്ന് കാനിലെ പാം ഡി ഓര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1975ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഗിരീഷ് കർണാഡ്, അമരേഷ് പുരി, നസ്രുദ്ദീൻ ഷാ, സ്മിത പാട്ടിൽ, സത്യദേവ് ദുബെ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ടായിരുന്നു. ഹിന്ദിയിലെ മികച്ച ഫീച്ചർ സിനിമക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ചിത്രം.

സാരിയില്‍ തിളങ്ങി നില്‍ക്കുന്ന സ്മിത പാട്ടിലിന്റേയും ശബാന ആസ്മിയിടേയും ചിത്രത്തിനു താഴെ എഴുപതുകളില്‍ നമ്മുടെ സംസ്‌കാരമാണ് അവര്‍ വസ്ത്രധാരണത്തിലൂടെ കാണിച്ചിരിക്കുന്നതെന്നു തുടങ്ങുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ശബാന ആസ്മിയും 1976ലെ കാന്‍ ഫിലിം ഫെസ്റ്റിവലിനിടയിലുള്ള മൂവരുടെയും മറ്റൊരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. സിനിമക്കായിരുന്നു അല്ലാതെ വസ്ത്രത്തിനായിരുന്നില്ല പ്രാധാന്യം എന്ന അടിക്കുറിപ്പോടെയായിരുന്നു ശബാന ആസ്മി ചിത്രം ട്വീറ്റ് ചെയ്തത്.

ഫാഷന്‍ തലസ്ഥാനം കൂടിയായ കാന്‍ ഫെസ്റ്റിവലില്‍ 2013ൽ ബോളിവുഡിനെ പ്രതിനിധീകരിച്ചെത്തിയ വിദ്യ ബാലന്റേയും വേഷം സാരിയായിരുന്നു. ഇന്ത്യന്‍ വേഷങ്ങള്‍ പാപ്പരാസിയുടെ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. അത് പോലെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. വിദ്യയുടെ ഫാഷൻ ബോധത്തെക്കുറിച്ചെല്ലാം നിരവധി പരിഹാസങ്ങളും ഉയർന്നിരുന്നു. എന്നാൽ തനിക്ക് ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണെന്നും എവിടെയും താൻ അങ്ങനെയായിരിക്കുമെന്നുമായിരുന്നു താരം അന്ന് പ്രതികരിച്ചത്. അന്നത്തെ ജൂറി അംഗം കൂടിയായിരുന്നു വിദ്യ ബാലൻ.

Read More: സ്പീല്‍ബെര്‍ഗിനോപ്പം ചിത്രമോ… അന്തം വിട്ടു വിദ്യാ ബാലന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ