സിനിമകള്‍ റീമേക്ക് ചെയ്യപ്പെടുന്നത് പുതിയ കാര്യമല്ല. പല ഭാഷകളിലായി പുറത്തു വരുന്ന ചിത്രങ്ങള്‍ അതാത് ദേശങ്ങള്‍ക്ക് അനുസൃതമാം വണ്ണം റീമേക്ക് ചെയ്യപ്പെടാറുണ്ട് ലോകമെമ്പാടും തന്നെ.

തമിഴ് സിനിമയില്‍ ഈ വര്‍ഷം അഞ്ച് റീമേക്ക് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ ‘താനാ സേര്‍ന്ത കൂട്ടം’ മുതല്‍ തുടങ്ങുന്നു അത്. മലയാളത്തില്‍ നിന്നും ‘മഹേഷിന്റെ പ്രതികാരം’, ‘ഭാസ്കര്‍ ദി റാസ്കൽ’ എന്നീ ചിത്രങ്ങളും റീമേക്കിനൊരുങ്ങുന്നു. ഈ സിനിമകൾ തമിഴിൽ എത്തുമ്പോൾ അവിടെയുള്ള പ്രേകഷകരുടെ ആസ്വാദനത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് സൂചന.

സ്പെഷ്യല്‍ 26/താനാ സേര്‍ന്ത കൂട്ടം

ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌. സൂര്യ നായകനായ ഈ ചിത്രം അക്ഷയ് കുമാര്‍ നായകായി അഭിനയിച്ച ‘സ്പെഷ്യല്‍ 26’ എന്ന ഹിന്ദി ചിത്രത്തില്‍ നിന്നും അവലംബിച്ചതാണ്. മുംബൈയിലെ ഓപെറ ഹൗസിലുള്ള ത്രിഭുവന്‍ദാസ് ഭീംജി സവേരി എന്ന സ്വര്‍ണ്ണാഭരണക്കടയില്‍ സിബിഐ ഓഫീസര്‍മാര്‍ എന്ന വ്യാജേന എത്തി റെയ്ഡ് നടത്തി കൊള്ളയടിക്കുന്നതാണ് ‘സ്പെഷ്യല്‍ 26’ എന്ന ചിത്രത്തിന്‍റെ പ്രമേയം. രമ്യ കൃഷ്ണൻ, കാർത്തിക് എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താര നിര തന്നെയുണ്ട്‌ ഈ ചിത്രത്തില്‍. അനിരുദ്ധ് ഈണം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആണ്.

മഹേഷിന്‍റെ പ്രതികാരം/നിമിർ

മലയാളത്തിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രം ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രം തമിഴിലേക്ക് എത്തിക്കുന്നത് റീമേക്കുകളുടെ ഉസ്താദായ പ്രിയദര്‍ശന്‍ തന്നെ. മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിന്‍റെ രണ്ടാം പകുതിയില്‍ ഹിന്ദിയിലും തമിഴിലും പ്രിയന് കൈകൊടുത്തത് റീമേക്ക് സാധ്യതകളായിരുന്നു.

ജനുവരി 26നു റിലീസ് ചെയ്ത ‘നിമിറി’നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത വേഷം തമിഴില്‍ ചെയ്യുന്നത് ഉദയനിധി സ്റ്റാലിനാണ്. മലയാളികൾ ആയ നമിത പ്രമോദ്, പാർവതി നായർ എന്നിവർ ആണ് നായികമാർ. തെങ്കാശിയിലും പരിസരത്തുമായാണ് ഈ സിനിമ ചിത്രീകരിച്ചത്.

ഭാസ്കര്‍ ദി റാസ്കല്‍/ഭാസ്കർ ഒരു റാസ്കൽ

സിദ്ദിഖ് – മമ്മൂട്ടി – നയന്‍താര കൂട്ടുകെട്ടില്‍ 2015 ൽ പുറത്തു വന്ന മലയാള ചിത്രമാണ് ‘ഭാസ്കര്‍ ദി റാസ്കല്‍’. ഇതിന്‍റെ തമിഴ് പതിപ്പായ ‘ഭാസ്കര്‍ ഒരു റാസ്കല്‍’ ഒരുക്കുന്നതും സിദ്ദിഖ് തന്നെ. തമിഴിൽ മമ്മൂട്ടിക്കു പകരം അരവിന്ദ് സാമിയും നയൻ‌താരക്കു പകരം അമല പോൾ എന്നിവര്‍ അഭിനയിക്കുന്നു. നടി മീനയുടെ മകള്‍ ബേബി നൈനികയും ഒരു പ്രധാന വേഷത്തിലുണ്ട്.

കൊച്ചിയിലും പരിസരത്തും ചിത്രീകരിച്ച സിനിമ പൊങ്കല്‍ റിലീസ് ആയി തീരുമാനിച്ചിരുന്നെങ്കിലും ഇനിയും റിലീസ് ചെയ്തിട്ടില്ല. പ്രിയദര്‍ശനെപ്പോലെ തന്നെ റീമേക്കില്‍ കൈ തെളിഞ്ഞ സംവിധായകനാണ് സിദ്ദിഖും. തമിഴില്‍ ഇതിനു മുന്‍പ് ‘ഫ്രണ്ട്സ്’, ‘എങ്കള്‍ അണ്ണ’, ‘സാധു മിരണ്ടാല്‍’, ‘കാവലന്‍’ എന്നീ റീമേക്ക് ചിത്രങ്ങള്‍ സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്.

ബലേ ബലേ മാഗധിവോയ്/ഗജിനികാന്ത്

ആര്യ നായകനായി എത്തുന്ന ‘ഗജിനികാന്ത്’ എന്ന ചിത്രം 2015 ൽ തെലുങ്കില്‍ റിലീസ് ചെയ്ത ‘ബലേ ബലേ മാഗധിവോയ്’ എന്ന നാനി ചിത്രത്തെ ആസ്പദമാക്കിയുള്ളതാണ് എന്നാണു റിപ്പോര്‍ട്ട്‌. മാരുതി ദാസരി സംവിധാനം ചെയ്തു നാനി, ലാവണ്യ ത്രിപാഠി എന്നിവർ അഭിനയിച്ച ചിത്രം ആ വര്‍ഷത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു. തമിഴിൽ ആര്യയും സായ്‌യേഷയും നായികാ നായകന്മാരായി എത്തുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് പി.ജയകുമാർ . ചെറിയ അളവിൽ മറവി രോഗം ഉള്ള നായകൻ അതുമായി ബന്ധപെട്ടു ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശനങ്ങളെ എങ്ങനെ തരണം ചെയുന്നു എന്നതിന്‍റെ കോമഡി ട്രാക്ക് ആണ് സിനിമ.

നടന്‍ സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ അനുസ്മരിപ്പിക്കുന്ന മേക്കപ്പില്‍ ആര്യ എത്തിയ ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

NH -10/ഗർജനായ്

2015 ലെ ബോളിവുഡ് ചിത്രങ്ങളില്‍ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ് അനുഷ്ക ശര്‍മ നായികയായ ‘NH -10’. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഈ ചിത്രം അനുഷ്കയുടെ അഭിനയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. തന്‍റെ ഭാര്യ മീരയ്ക്ക് ഒരിക്കല്‍ റോഡില്‍ വച്ച് നേരിടേണ്ടി വന്ന ചില അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അർജുന്‍ അവള്‍ക്കു സ്വയരക്ഷാര്‍ത്ഥം ഉപയോഗിക്കാന്‍ വേണ്ടി ഒരു തോക്ക് സമ്മാനിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇരുവരും മീരയുടെ പിറന്നാള്‍ ആഘോഷിക്കാനായി ഒരു റിസോർട്ടിലേക്ക് പുറപ്പെടുന്നു. വഴിയില്‍ അവര്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. നവദീപ് സിങ് ആണ് NH -10 ന്‍റെ സംവിധായകന്‍.

‘ഗർജനായ്’ എന്നാണ് ഇതിന്‍റെ തമിഴ് പതിപ്പിന്‍റെ പേര്. തൃഷയാണ് നായിക. അമിത് ഭാർഗവ, വംശി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുന്ദർ ബാലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിട്ടില്ല.

Image may contain: 1 person, text

ക്വീന്‍/പാരീസ് പാരീസ്

കങ്കണ റണാവത്ത് നായികയായി അഭിനയിച്ച ചിത്രമാണ് ക്വീന്‍. 2014 ലെ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്ന ചിത്രം സംവിധാനം ചെയ്തത് വികാസ് ബെല്‍ ആണ്. വിവാഹം മുടങ്ങിപ്പോകുന്ന ഒരു ഇടത്തരം കുടുംബത്തിലെ പെണ്‍കുട്ടി തന്‍റെ നേരത്തെ പ്ലാന്‍ ചെയ്ത ഹണിമൂണിനായി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നു. യാത്രയ്ക്കിടയില്‍ അവളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കങ്കണയുടെ അഭിനയം പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്.

ഈ ചിത്രം തെന്നിന്ത്യയില്‍ മൂന്നു ഭാഷകളിലായി റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലുള്ള ‘ക്വീനി’ന്‍റെ പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത് നടന്‍ രമേശ്‌ അരവിന്ദ് ആണ്. ‘പാരീസ് പാരീസ്’ എന്ന് പേരിട്ടിരിക്കുന്ന തമിഴ് പതിപ്പില്‍ നായികയാകുന്നത് കാജൽ അഗർവാൾ ആണ്. മലയാളം പതിപ്പില്‍ മഞ്ജിമ മോഹന്‍ ആണ് നായിക.

Image may contain: 4 people, people smiling, people standing, tree, shoes and outdoor

‘ക്വീന്‍’ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്ന നായികമാര്‍

100% ലവ്/100% കാതൽ

2011 ലെ തെലുങ്ക്‌ ചിത്രമായ ‘100 % ലവ് ‘ ആണ് തമിഴില്‍ റീമേക്കിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ഒരു കുടുംബത്തിനകത്ത്‌, രണ്ടു കസിന്‍സ് തമ്മില്‍ നടക്കുന്ന രസകരമായ ലവ് സ്റ്റോറി ആണ് ‘100 % ലവ് ‘. നാഗ് ചൈതന്യ, തമന്ന എന്നിവരാണ് ഇതിലെ നായികാ നായകന്മാര്‍. സുകുമാര്‍ ആണ് സംവിധായകന്‍

ഈ സൂപ്പർ ഹിറ്റ് സിനിമ ‘100% കാതൽ’ എന്ന പേരില്‍   തമിഴിൽ എത്തുമ്പോൾ നാഗ ചൈതന്യയുടെ റോൾ ജി.വി.പ്രകാശും തമന്നയുടെ റോൾ ശാലിനി പാണ്ഡെയും ചെയ്യുന്നു. തമിഴിലെ ഈ റൊമാന്റിക് കോമഡി കഥ എം.എം.ചന്ദ്രമൗലി ആണ് സംവിധാനം ചെയ്യുന്നത്. ജി.വി.പ്രകാശ് തന്നെയാണ് ഇതിന്റെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ