“ഒരു ക്ലാസ്സിക് സംഭവം ഉരുത്തിരിഞ്ഞ്‌ വരുന്നുണ്ട്”, ഉടന്‍ റിലീസ് ആകുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തില്‍ സലിം കുമാര്‍ പറയുന്ന ഡയലോഗാണത്.  ഇതിവിടെ പറയാന്‍ കാര്യമുണ്ട്, കാരണം അടുത്ത രണ്ടു മാസങ്ങളിലായി പതിമൂന്ന് കിടിലം ചിത്രങ്ങളാണ്‌ മലയാളത്തില്‍ റിലീസിന് തയ്യാറെടുക്കുന്നത്.  ഇറങ്ങും മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിയവയാണ് അതില്‍ പലതും. വരുന്ന രണ്ടു മാസങ്ങള്‍ സിനിമാ പ്രേമികളുടെ പോക്കറ്റ് കാലിയാക്കും, തീര്‍ച്ച.  ചിത്രങ്ങള്‍ ഇവയൊക്കെ.

ഹേയ് ജൂഡ്

 

നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹേയ് ജൂഡ്’. തമിഴ് നടി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നൊരു പ്രത്യേകത കൂടി  ‘ഹേയ് ജൂഡി’നുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകള്‍ക്കായ് സംഗീതം നല്‍കിയ ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നീ നാലു സംവിധായകരാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.

റോസാപ്പൂ

 

ബിജു മേനോന്‍-സണ്ണി വെയ്ന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘റോസാപ്പൂ’ ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും. സൗബിന്‍ ഷാഹിര്‍, നീരജ്, സലീംകുമാര്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ താരം അഞ്ജലിയാണ്. വിനു ജോസഫ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഷിബു തമീന്‍സാണ് നിര്‍മ്മിക്കുന്നത്. പുലി, ഇരുമുഗന്‍ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ നിര്‍മ്മാതാവാണ് ഷിബു തമീന്‍സ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിക്ക് ശേഷം ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ആമി

 

മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ‘ആമി’ ഇതിനോടകം വിവാദങ്ങളാല്‍ തന്നെ വാര്‍ത്തയില്‍ ഇടം നേടി. ഒരുപക്ഷെ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രവും ‘ആമി’യായിരിക്കും. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. അനൂപ് മേനോന്‍, മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

കളി

 

അല്‍ഫോന്‍സ് കണ്ണന്താനത്തെ ട്രോളി നജീം കോയ സംവിധാനം ചെയ്യുന്ന ചിത്രം ‘കളി’ ഫെബ്രുവരി ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. എണ്ണ വില കൂട്ടുന്നത് ഇന്ത്യയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണെന്ന കണ്ണന്താനത്തിന്‍റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ് കളിയുടെ സംവിധായകന്‍. സമീര്‍, പാച്ചാ (പോള്‍ ചാണ്ടി), ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാര്‍. ഇവരില്‍ സമീര്‍, പാച്ചാ എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിയ്ക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ

നവാഗതനായ സക്കരിയ സംവിധാനം ചെയുന്ന സിനിമയാണ് ‘സുഡാനി ഫ്രം നൈജീരിയ’. സൗബിന്‍ ഷാഹിര്‍ നായകായി എത്തുന്ന ആദ്യ സിനിമയാണ്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 16ന് ചിത്രം തിയേറ്ററുകളിലെത്തും.

ക്യാപ്റ്റന്‍

മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം വി.പി. സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിതാര, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംവിധായകന്‍ സിദ്ധിഖിന്‍റെ അസിസ്റ്റന്റായിരുന്ന പ്രജേഷ് സെന്‍ ആണ് ക്യാപ്റ്റന്‍ സംവിധാനം ചെയ്യുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണംനല്കുന്നു. ഫെബ്രുവരി 23ന് ചിത്രം തിയേറ്ററുകളിലെത്തുന്നു.

ഇര

മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സായ വൈശാഖും ഉദയകൃഷ്ണയും നിര്‍മ്മാതാക്കളാകുന്ന ചിത്രമാണ് ‘ഇര’. യുവതാരങ്ങളായ ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖിന്‍റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരി 23ന് തിയേറ്ററുകളിലെത്തും.

അങ്കിള്‍

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് അങ്കിള്‍. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. വയനാടായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മാര്‍ച്ച് 16ന് ചിത്രം തിയേറ്ററുകളിലെത്തും.

വികടകുമാരന്‍

റോമന്‍സ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘വികടകുമാരന്‍’. സംവിധായകനായ ബോബന്‍ സാമുവലും നിര്‍മാതാക്കളായ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ഒരുമിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് ‘വികടകുമാര’നിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈവി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രത്തിലെ നായിക മാനസ രാധാകൃഷ്നനാണ്. മാര്‍ച്ച് 23ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

കുട്ടനാടന്‍ മാര്‍പാപ്പ

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുട്ടനാടന്‍ മാര്‍പാപ്പ’ മാര്‍ച്ച് 23ന് തിയേറ്ററുകളിലെത്തും. ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ. അലമാര, ആദി എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് നായിക. ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രമാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ചെമ്പന്‍ വിനോദും സംവിധായകന്മാരായ ബി. ഉണ്ണിക്കൃഷ്ണനും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 23ന് ചിത്രം തിയേറ്ററുകളിലെത്തും.

പരോള്‍

parole featured

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരോള്‍’. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തുന്നു. ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു തടവുകാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് ‘പരോളി’നായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബാഹുബലി’യിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളിലെത്തും.

മോഹന്‍ലാല്‍

മോഹന്‍ലാലില്ലാത്ത മോഹന്‍ലാല്‍ ചിത്രം. ‘ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍’ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാലില്ലാത്ത ‘മോഹന്‍ലാല്‍’ എന്ന ചിത്രം എത്തുന്നത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഫാനായ വീട്ടമ്മയുടെ വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്. മീനുക്കുട്ടിയെന്നാണ് കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ ആദ്യ സിനിമയായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ 1980കളിലെ ക്രിസ്മസ് റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. അന്നേ ദിവസം ജനിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് ‘മോഹന്‍ലാല്‍’ പുരോഗമിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍. മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook