ആറു വര്‍ഷമായി ടൊവിനോ തോമസ് എന്ന നടന്‍ മലയാള സിനിമയിലുണ്ട്. ടൊവിനോയുടെ വളര്‍ച്ച ഒരു മാതൃകതന്നെയാണ്. പതിയെ തുടങ്ങി, ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഒരിടം നേടി ഈ യുവനടന്‍. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പേ ഇതേ ദിവസമായിരുന്നു ടൊവിനോ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. തന്റെ കഴിഞ്ഞകാല സിനിമാ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് പുതിയ ഫെയ്‌സബുക്ക് പോസ്റ്റിലൂടെ അദ്ദേഹം.

‘ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാട്ട് രംഗത്തിലൂടെയാണ് എല്ലാത്തിനും തുടക്കം. ക്യാമറയുടെ മുന്‍പില്‍ എന്റെ ആദ്യ ഷോട്ട്. തൃശൂരിലെ കേരള വര്‍മ്മ കോളേജില്‍ ‘പ്രഭുവിന്റെ മക്കള്‍’ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു ആ രംഗങ്ങള്‍. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ എല്ലാവരേയും പോലെ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടായി വിജയവും പരാജയവും രുചിച്ചു. പുകഴ്ത്തലുകളും വിമര്‍ശനങ്ങളും പുഞ്ചിരികളും ദുഃഖങ്ങളും എല്ലാം നേരിട്ടു.

തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമുണ്ട്. എന്നില്‍ വിശ്വാസമര്‍പ്പിച്ച, എല്ലാപിന്തുണയും നല്‍കി ഒപ്പംകൂട്ടിയ, ഇവിടെയെത്താന്‍ എന്നെ സഹായിച്ച കുറേപേരുണ്ട്. പ്രഗത്ഭരായ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, സാങ്കേതികവിദഗ്ധര്‍ അഭിനേതാക്കള്‍ അങ്ങനെ ഒരുപാടു പേര്‍. പകരംവെക്കാനില്ലാത്ത സിനിമാപ്രേമികള്‍, എന്റെ നന്മയാഗ്രഹിക്കുന്നവര്‍, അങ്ങനെ എല്ലാവര്‍ക്കും, സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയത്തില്‍ നിന്ന് ഏറ്റവും വലിയ നന്ദി. സിനിമ എന്ന കലയെ ആദരിക്കുന്നതിനൊപ്പം നല്ല സിനിമകള്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ടൊവിനോ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ