ആരാധകനോടുളള നടൻ ശിവകുമാറിന്റെ മോശം പെരുമാറ്റത്തിൽ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ശിവകുമാറിന്റെ സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ നടൻ തട്ടി താഴെയിടുകയായിരുന്നു. തമിഴ് സിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന നടനും സൂര്യ-കാർത്തി നടന്മാരുടെ പിതാവുമായ ശിവകുമാറിന്റെ ഇമേജിലെ ബ്ലാക്ക്മാർക്ക് ആയി മാറിയിരിക്കുകയാണ് ഈ സംഭവം.

ശിവകുമാർ ദേഷ്യത്തോടെ ഫോൺ തട്ടി താഴെയിടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ താരം സംഭവത്തിൽ വിശദീകരണം നടത്തി പത്രക്കുറിപ്പ് ഇറക്കി.

”സെലിബ്രിറ്റികൾക്കും സ്വകാര്യത ആവശ്യമാണ്. കാറിൽനിന്നും ഇറങ്ങി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോൾ അവിടെ 200-300 പേരോളം ഉണ്ടായിരുന്നു. 20-25 ഓളം പേർ എനിക്ക് ചുറ്റും കൂടിനിന്ന് സെൽഫി എടുക്കുന്നുണ്ടായിരുന്നു. വോളന്റിയർമാരെയും എനിക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരെയും തളളിമാറ്റിയാണ് അവർ സെൽഫി പകർത്തുന്നത്. ഇത് കണ്ടപ്പോൾ എനിക്ക് അസ്വസ്ഥത ഉണ്ടായി.

സെലിബ്രിറ്റിയാണെങ്കിലും മറ്റാരാണെങ്കിലും ഒരാൾക്കൊപ്പം സെൽഫി പകർത്തുന്നതിന് മുൻപ് അയാളുടെ അനുവാദം തേടണമെന്നാണ് എന്റെ അഭിപ്രായം. ഒരു സെലിബ്രിറ്റി ഒരിക്കലും പൊതു സ്വത്തല്ല. ഞാൻ ബുദ്ധനോ അല്ലെങ്കിൽ സന്യാസിയോ അല്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്നെ നേതാവായോ പ്രചോദനം പകരുന്ന വ്യക്തിയായോ അംഗീകരിക്കണമെന്ന് ഞാൻ ആരോടും പറയാറില്ല. എല്ലാവർക്കും അവരുടേതായ ഒരു ഹീറോ ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന ഒരു കാര്യം മറ്റൊരാളെ എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണം.”

വിശദീകരണ കുറിപ്പ് ഇറക്കിയെങ്കിലും ഇത് അംഗീകരിക്കാൻ സിനിമാ പ്രേമികൾ തയ്യാറായില്ല. ഇതോടെയാണ് ശിവകുമാർ മാപ്പു പറഞ്ഞത്. ”ഇഷ്ട താരത്തെ നേരിൽ കാണുമ്പോൾ ചിലപ്പോൾ ആരാധകരുടെ പെരുമാറ്റം അങ്ങനെയായിരിക്കും. അതൊക്കെ ഒരു നടൻ സഹിക്കണം. ശിവകുമാർ ആരാധകന്റെ ഫോൺ തട്ടിതാഴെയിട്ടത് ശരിയായില്ലെന്നാണ് ആരാധകർ പറയുന്നത്. ഈ അവസരത്തിൽ എന്റെ പ്രവൃത്തിയിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” ഇതായിരുന്നു ശിവകുമാർ ബിഹൈൻഡ്‌വുഡ്സ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook