ചുരുങ്ങിയ കാലംകൊണ്ടു തന്നെ ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ കോളിവുഡില്‍ ചുവടുറപ്പിച്ച നടനാണ് ശിവകാര്ത്തികേയന്. നടന് മാത്രമല്ല, ഗാനരചയിതാവും ഗായകനുമാണ് താരം. അച്ഛന്റെ പാതയിലേക്കാണ് കുഞ്ഞുമകള്‍ ആരാധനയും പിച്ചവയ്ക്കുന്നത്. ശിവകാര്‍ത്തികേയനൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പാട്ടു പാടുന്ന ആരാധനയെ ഏറെ സ്നേഹത്തോടെയും അല്പം കൗതുകത്തോടെയുമാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
ഐശ്വര്യ രാജേഷ് പ്രധാനവേഷത്തിലെത്തുന്ന ‘കനാ’ എന്ന ചിത്രത്തിനു വേണ്ടിയാണ് നാലു വയസുകാരി ആരാധന ഗായികയാകുന്നത്. അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാന ചെയ്യുന്ന ചിത്രത്തിലെ ‘വായാടി പെത്ത പുള്ള’ എന്ന ഗാനമാണ് ആരാധനയും ശിവകാര്‍ത്തികേയനും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും ഇവര്‍ക്കൊപ്പം ഈ ഗാനം ആലപിയ്ക്കുന്നുണ്ട്.
‘എത്ര വയസായാലും തന്റെ അച്ഛന് കൊച്ചുകുട്ടിയായിരിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ ഗാനം സമര്‍പ്പിക്കുന്നു,’ എന്ന് പാട്ടിന്റെ അവസാനത്തില്‍ ശിവകാര്ത്തികേയന് പറയുന്നുണ്ട്. പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജികെബിയാണ്. സംഗീതം ദിപു നൈനാന് തോമസും.
സത്യരാജ്, ദര്ശന്, ഇളവരശ്, മുനിഷ്കാന്ത്, ആന്റണി ഭാഗ്യരാജ് തുടങ്ങിയവരും ‘കനാ’യില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു.