തമിഴകത്തെ യുവനടന്മാരിൽ ശിവകാർത്തികേയന് നമ്പർ വൺ സ്ഥാനമുണ്ട്. സഹനടനായി എത്തി പിന്നീട് നടനായി വളർന്ന ശിവകാർത്തികേയൻ തൊട്ടതെല്ലാം പൊന്നാക്കുകയാണ്. രജനി മുരുകൻ, റെമോ എന്നീ സിനിമകൾക്കുശേഷം ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രം വേലൈക്കാരനും ബോക്സോഫിൽ ഹിറ്റായി മാറിക്കഴിഞ്ഞു. ശിവകാർത്തികേയൻ-നയൻതാര ജോഡികളെ അണിനിരത്തി മോഹൻ രാജ സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസുകളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

വേലൈക്കാരൻ സിനിമയ്ക്കു മുൻപേ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ശിവകാർത്തികേയൻ പ്രഖ്യാപിച്ചിരുന്നു. ബിഗ് ബ്രാൻഡ് ആയ സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയുടെ പരസ്യവും ഇതിന്റെ അടിസ്ഥാനത്തിൽ നടൻ വേണ്ടെന്നുവച്ചിരുന്നു. എന്നാൽ വേലൈക്കാരൻ സിനിമയ്ക്കു ശേഷം ഇനി ഒരു പരസ്യത്തിലും താൻ അഭിനയിക്കില്ലെന്ന കടുത്ത തീരുമാനമെടുത്തിരിക്കുകയാണ് ശിവകാർത്തികേയൻ. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് പരിശോധിക്കാൻ തനിക്ക് സാധിക്കാത്തതുമൂലമാണ് താരം പരസ്യ ചിത്രങ്ങളിൽ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനമെടുത്തത്. മാത്രമല്ല തന്റെ പരസ്യം കണ്ട് ഉൽപ്പന്നങ്ങൾ വാങ്ങിച്ച് ആരാധകർ വഞ്ചിക്കപ്പെടാൻ പാടില്ലെന്ന നിലപാടും ശിവകാർത്തികേയന്റെ തീരുമാനത്തിന് പിന്നിലുണ്ട്.

നിർമ്മാതാക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന മറ്റൊരു തീരുമാനവും ശിവകാർത്തികേയൻ എടുത്തിട്ടുണ്ട്. നിർമ്മാതാവ് അശോക് കുമാറിന്റെ മരണവും അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പുമാണ് താരത്തെ ഈ തീരുമാനം എടുപ്പിച്ചത്. അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പ് വായിച്ചപ്പോൾ തന്റെ കണ്ണു നിറഞ്ഞുപോയെന്നും ഉടൻതന്നെ തന്റെ സിനിമയുടെ നിർമ്മാതാക്കളെ വിളിച്ച് ബജറ്റിനെക്കുറിച്ച് പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തുവെന്ന് ശിവകാർത്തികേയൻ പറഞ്ഞു.

നിർമ്മാതാക്കളുടെ ഭാരം കുറയ്ക്കാനായി സിനിമയിൽ അഭിനയിക്കുന്ന സമയത്ത് പ്രതിഫല തുകയിൽ കുറച്ച് മാത്രം കൈപ്പറ്റാനും ബാക്കി അഭിനയിച്ചു പൂർത്തിയാക്കിയതിനുശേഷം വാങ്ങിക്കാനും തീരുമാനിച്ചു. എന്റെ സിനിമയുടെ ബജറ്റ് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതലായാൽ എന്റെ പ്രതിഫലം കുറയ്ക്കുമെന്നും ശിവകാർത്തികേയൻ പറഞ്ഞു. ശിവകാർത്തികേയന്റെ ഈ തീരുമാനം വളർന്നുവരുന്ന മറ്റു യുവതാരങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നാണ് കോളിവുഡിലെ സംസാരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ