ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി വിമര്‍ശകരുടേയും സിനിമാപ്രേമികളുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ഒരു കാര്യം സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ സാധിച്ചു എന്നതാണ്. അങ്ങനെ ചെയ്തിരുന്നില്ല എങ്കില്‍ കട്ടപ്പ ആരാണ് എന്ന് നിങ്ങള്‍ അന്വേഷിക്കില്ലായിരുന്നു. രാജമാതയും ശിവഗാമിയും ആരുടേയും ശ്രദ്ധയില്‍ പെടില്ലായിരുന്നു. ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്ന ബാഹുബലിയുടെ രണ്ടാം ഭാഗം റെക്കോറഡ് വിജയത്തോടെ ഇന്ത്യയിലും വിദേശത്തും ബോക്സ് ഓഫീസ് വിജയം നേടുന്ന ഈ വേളയില്‍ ചിത്രത്തിലെയൊരു പ്രധാന വേഷമിട്ട രമ്യാ കൃഷ്ണന്‍ ഇടവേളയ്ക്കു ശേഷം മലയാളിയുടെ സിനിമാ ലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായി. പതിനാറോളം മലയാള സിനിമയി  അഭിനയിച്ചിട്ടുണ്ട് രമ്യാകൃഷ്ണൻ. ബാഹുബലിയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച  രമ്യാ കൃഷ്ണൻ താന്‍ കടന്നുപോകുന്ന അനുഭവങ്ങളെ കുറിച്ചും  ഭാവി പരിപാടികളെ കുറിച്ചും സംസാരിക്കുന്നു.

“ആരാധകരും സുഹൃത്തുക്കളും പ്രകടനത്തെക്കുറിച്ച് നല്‍കിയ അഭിപ്രായങ്ങളിൽ  സന്തുഷ്ടയാണ്” എന്ന് രമ്യാകൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നല്ലോ. അതിനെക്കുറിച്ച് ?

ബാഹുബലി എന്ന സിനിമയില്‍ ഭാഗമായി എന്നുള്ളത് വളരെ നല്ലൊരു അനുഭവമാണ്. അത് വെറുമൊരു ചലച്ചിത്രമല്ല. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്‌ട്രിയുടെ മഹത്തായൊരു സൃഷ്ടിയാണത്. ആളുകള്‍, കാണികള്‍ എന്‍റെ പ്രകടനത്തെപറ്റി സ്നേഹം ചൊരിഞ്ഞുകൊണ്ടുള്ള അഭിനന്ദനങ്ങളാണ് നല്‍കുന്നത്. അതില്‍ മതിമറന്നിരിക്കുകയാണ് ഞാനിപ്പോള്‍. ഇപ്പോള്‍ എനിക്കുള്ള വിഷമം ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നപ്പോള്‍ കണ്ടിരുന്നത് പോലെ ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകരെ ഇടക്കിടെ കാണാന്‍ ഇനി സാധിക്കില്ലല്ലോ എന്നതാണ്. ഞങ്ങള്‍ ഇനി സെറ്റില്‍ ഇല്ല. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്‍റെ നിര്‍മാണം മുതല്‍ ഞങ്ങള്‍ ഷൂട്ടിങിൽ  മാത്രം വ്യാപൃതരായിക്കൊണ്ട് ഒരുമിച്ചുണ്ടായിരുന്നു.”

READ MORE : ബാഹുബലി 2; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല !

അഞ്ചുവര്‍ഷത്തോളം ശിവഗാമിയെന്ന കഥാപാത്രമായി ജീവിച്ചു. അത്  വ്യക്തിത്വത്തെ ഏതു തരത്തിലാണ് സ്വാധീനിച്ചത് ?

നേട്ടങ്ങളെ വ്യക്തിപരമായി കണക്കാക്കുന്നാളല്ല ഞാന്‍. ശിവഗാമിയെന്ന പേരില്‍ രാജ്യവ്യാപകമായി എനിക്ക് പരക്കെ ലഭിക്കുന്ന സ്വീകരണത്തെയാണ് ഞാന്‍ നേട്ടമായി കാണുന്നത്/ ആളുകള്‍ എന്നെ അറിയുന്നത്, എന്‍റെ കണ്ടിട്ട് അഭിനന്ദിക്കുന്നു എന്നതൊക്കെ തീര്‍ച്ചയായും മികച്ചൊരു അനുഭവം തന്നെയാണ്. അതില്‍ അതിയായ സന്തോഷവുമുണ്ട്. പക്ഷെ മുന്നേ എന്നെ അറിയാത്തവര്‍പോലും ഇപ്പോള്‍ പ്രകടനം കാണുകയും അതിന്‍റെ പേരില്‍ എന്നെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നതിനെയാണ് ഞാന്‍ കൂടുതല്‍ വിലമതിക്കുന്നത്. അത്തരത്തില്‍ വലിയൊരു വ്യത്യാസമാണ് ഈ കഥാപാത്രം എനിക്ക് തന്ന അംഗീകാരം. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തന്‍റെതായി എന്തെങ്കിലും സംഭാവനകള്‍ നൽകിയിരുന്നോ ? എങ്ങനെയാണ് കഥാപാത്രത്തിനായി തയ്യാറെടുക്കുന്നത് ?

“ഞാന്‍ രാജമൗലിയെ പൂര്‍ണ്ണമായും വിശ്വസിക്കുകയായിരുന്നു. എനിക്ക് വേണ്ട ദിശകാണിച്ചു തരാന്‍ ഞാന്‍ അദ്ദേഹത്തിനു അവസരം നല്‍കി. എന്ത് ? എങ്ങനെ? അവതരിപ്പിക്കണം എന്ന്  അദ്ദേഹം പറയുന്നത് ഞാന്‍ അതുപോലെ ചെവികൊണ്ടു. അതുപോലെ തന്നെയായിരുന്നു നീലാംബരിയുടെ കഥാപാത്രവും.

നീലാംബരിയ്ക്ക് ശിവഗാമിയുടെ കഥാപാത്രവുമായി സാമ്യമുണ്ടായിരുന്നോ ?

ബാഹുബലിയുടെ രണ്ടുഭാഗങ്ങളും കണ്ട പലരും വെള്ളിത്തിരയില്‍ ശിവഗാമിയുടേയും നീലാംബരിയുടേയും ദേഷ്യം ഒരുപോലെയായിരുന്നു എന്ന നിരീക്ഷണം മുന്നോട്ടുവെക്കുന്നുണ്ട്.
രണ്ടു കഥാപാത്രങ്ങളും വ്യത്യസ്തമാണ് എങ്കിലും ഒരു പോലെ ശക്തരുമാണ്. കോപം, അഭിനിവേശം, വിഷമം അല്ലെങ്കില്‍ സ്നേഹം എന്നിവയൊക്കെ എല്ലാവര്‍ക്കും അനുഭവപ്പെടുന്ന കാര്യങ്ങളാണല്ലോ. എന്നാല്‍ നീലാംബരി അറിയപ്പെട്ടത് തികച്ചും വ്യത്യസ്തമായ കാര്യങ്ങള്‍ക്കാണ്. കോപാകുലയായ നീലാംബരിയുടെ പ്രതികരണം ശിവഗാമിയില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. സിനിമയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ശിവഗാമിയുടെ കോപമാണ് . സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ശിവഗാമി. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ് ബാഹുബലി ഒരു സംയുക്തപരമ്പര ആക്കുവാന്‍ തീരുമാനിച്ചതും. അങ്ങനെയാണ് എങ്കില്‍ മാത്രമേ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഒരുപാട് സൂക്ഷ്മഭേദങ്ങളെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.

സിനിമയിലെ കാണികളെ രോമാഞ്ചംകൊള്ളിക്കുന്നതായ പല സന്ദര്‍ഭങ്ങള്‍ ഉണ്ട്. സിനിമയിലെ ഏതൊക്കെ രംഗങ്ങളാണ് താങ്കളെ കൂടുതലായി സ്പര്‍ശിച്ചത് ?

ഹൈദരബാദില്‍ സിനിമയുടെ പ്രവര്‍ത്തകര്‍ മുഴുവന്‍ അണിനിരന്നുകൊണ്ട് നടന്ന പ്രദര്‍ശനംവരെ പശ്ചാത്തല സംഗീതത്തോടൊക്കെ കൂടി പൂര്‍ണതയുള്ള സിനിമ കാണാന്‍ എനിക്ക് പറ്റിയിരുന്നില്ല. കട്ടപ്പ ശിവഗാമിയെ അഭിമുഖീകരിക്കുന്ന ഒരു രംഗമുണ്ട് സിനിമയില്‍. അവിടെവച്ച് കട്ടപ്പ സത്യം തുറന്നുപറയുകയാണ്‌. അതെന്‍റെ കണ്ണുകളെ ഈറനണിയിച്ചു. ആ നിമിഷം വൈകാരികമാണ് എന്നുള്ളത് കൊണ്ട് മാത്രമായിരുന്നില്ല അത്. സംഭാഷണമേയില്ലാതെ വികാരാധീനമാക്കുന്ന ഒരു രംഗമാണത്. രാജമൗലി സാര്‍ ആ രംഗങ്ങളെ സജ്ജീകരിച്ചിരിക്കുന്നത് അത്രയും മനോഹരമായാണ്. ആ സീനില്‍ അഭിനയിച്ചതും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.

ശ്രീദേവി അത്തരമൊരു കഥാപാത്രത്തെ ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പറ്റുമോ ?

അത് മുന്നേ മറ്റൊരാള്‍ക്ക് നല്‍കാന്‍ ആലോചിച്ച കഥാപാത്രമാണ് എന്ന് ഞാന്‍ കേള്‍ക്കുന്നത് ഇപ്പോഴാണ്. എനിക്ക് മുമ്പേ അതിനായി ആരെയാണ് സമീപിച്ചത് എന്ന് എനിക്കറിയില്ല. പക്ഷെ അതൊരു വിഷയമേയല്ല. ആദ്യഘട്ടത്തില്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നതില്‍ എനിക്കും താത്പര്യമില്ലായിരുന്നു.. ഒരുപാട് ദിവസത്തെ  ഡേറ്റ് ആണ് ഈ റോളിനായി നിര്‍മ്മാതാവ് ആവശ്യപ്പെട്ടത്. മറ്റുപല കാര്യങ്ങളും ചെയ്യാന്‍ ഞാന്‍ ഏറ്റിരുന്നു എന്നതിനാല്‍ അവര്‍ക്ക് വേണ്ടത് എന്നെകൊണ്ട് നല്‍കാന്‍ പറ്റുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. അത് തന്നെയാണ് ഞാന്‍ നിര്‍മ്മാതാവിനെ അറിയിച്ചതും. അദ്ദേഹം എന്നോട് പറഞ്ഞത് തിരകഥ വായിക്കുവാനാണ്. അതിനു ശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

രമ്യാകൃഷ്ണന്‍ മുന്നില്‍ കാണുന്നത് എന്താണ് ?

നമുക്ക് ഒന്നും മുന്‍കൂട്ടി കാണാന്‍ സാധിക്കില്ല. ശിവഗാമി സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അത് സംഭവിച്ചു. അതുകൊണ്ട് തന്നെ ഇനിയെന്ത് എന്നത് എനിക്കറിയില്ല. ഇപ്പോള്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ സാധിക്കുന്നുണ്ട്. അഭൂതപൂര്‍വവും പ്രതീക്ഷയുളവാക്കുന്നതുമായ സാഹചര്യങ്ങളാണ് ഇന്നുള്ളത്.

ഇംഗ്ലീഷില്‍ വായിക്കാം : Ramya Krishnan, Baahubali 2’s rajmata ‘Sivagami’ was initially not keen on playing the part

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook