തമിഴകത്തെ താരറാണിയാണ് നയൻതാര. തമിഴകത്തെ നയൻതാരയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ചിമ്പുവും പ്രഭുദേവയുമായുളള പ്രണയ തകർച്ചയ്ക്കുശേഷം സിനിമയിൽനിന്നും ചെറിയൊരു ഇടവേളയെടുത്ത നയൻതാരയുടെ പിന്നത്തെ വരവ് ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടായിരുന്നു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രമായിരുന്നു നയൻസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ആ ചിത്രത്തിനുശേഷം വിഘ്നേശുമായി നയൻസ് പ്രണയത്തിലാവുകയും ചെയ്തു.
തമിഴ് സിനിമയിൽ നയൻതാരയ്ക്ക് ഇന്ന് തന്റേതായ ഇടമുണ്ട്. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന് ഈ പേര് ചാർത്തിക്കൊടുത്തത്. ഒരു നടിക്ക് ആരാധകർ സൂപ്പർ സ്റ്റാർ പദവി നൽകുന്നത് വളരെ വിരളമാണ്. എന്നാൽ ലേഡി സൂപ്പർ സ്റ്റാർ എന്നു വിളിക്കുമ്പോൾ നയൻതാരയുടെ പ്രതികരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.
പുതിയ ചിത്രമായ വേലൈക്കാരൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശിവകാർത്തികേയൻ നയൻതാരയെക്കുറിച്ച് സംസാരിച്ചത്. ”സൂപ്പർ സ്റ്റാർ എന്ന പദവി നയൻതാരയുടെ വ്യക്തിത്വത്തെ ഒട്ടും മാറ്റിയിട്ടില്ല. ഷൂട്ടിങ് സെറ്റിൽ നയൻതാരയെ ലേഡി സൂപ്പർ സ്റ്റാറെന്ന് ആരെങ്കിലും വിളിച്ചാൽ അങ്ങനെ വിളിക്കരുത് എന്നാണ് പറയുക. ജോലിക്കാര്യത്തിൽ കൃത്യനിഷ്ഠയും ആത്മാർത്ഥയും കാണിക്കുന്ന നടിയാണ്. നയൻതാരയെ ഇന്ന് കാണുന്ന ഇടത്ത് എത്തിച്ചതും അവർക്കായി ഒരു മാർക്കറ്റ് ഉണ്ടായതും അതിനാലാണ്”.
”നല്ല സിനിമകള്‍ ചെയ്യുന്നു എന്ന് മാത്രമല്ല ഒരു കഥാപാത്രത്തെ എത്രയും നന്നായി ചെയ്യാമോ അത്രയും നന്നായി നയൻതാര ചെയ്യും. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഷൂട്ടിങ് സെറ്റിൽ വളരെ ഫ്രണ്ട്‌ലിയായിട്ടാണ് നയൻതാര പെരുമാറാറുളളത്. നയൻതാര ചിരിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ പ്രയാസമാണ്. അതിനാൽ തന്നെ വേലൈക്കാരൻ ഷൂട്ടിങ് സമയത്ത് കൂടെയുണ്ടായിരുന്നു സഹതാരങ്ങളോട് നയൻതാരയെ ചിരിപ്പിക്കരുതെന്ന് ഞാൻ പറയുമായിരുന്നു. നയൻതാരയുടെ ചിരി മൂലം ഒരു ഷോട്ട് 3 മണിക്കൂറോളം എടുത്താണ് ചിത്രീകരിച്ചത്- ശിവകാർത്തികേയൻ പറഞ്ഞു”.
ഡിസംബർ 22 നാണ് വേലൈക്കാരൻ പുറത്തിറങ്ങുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സ്നേഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.