ചിത്രയ്ക്കും സുജായ്ക്കും ശേഷം മലയാളികൾ ഒരേ പോലെ സ്നേഹിച്ച ഒരു ഗായികയുണ്ടെങ്കിൽ അത് സിതാര കൃഷ്ണകുമാർ ആയിരിക്കും. ഒന്നിനു പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുന്നത് ഒരു ശീലമാക്കി മാറ്റിയ ഗായിക. അതും ഓരോന്നും മറ്റൊന്നിൽ നിന്ന് അങ്ങേയറ്റം വ്യത്യസ്തം. ഏതു പാട്ടും സിതാരയുടെ കൈയിൽ ഭദ്രമാണ്. സിതാരയെ പോലെ തന്നെ മകൾ സായു എന്ന സാവൻ ഋതുവിനേയും ഇഷ്ടമാണ് ആരാധകർക്ക്.
തന്റെ ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ സംഗീത പരിപാടിയുമായി ഷാർജയിലായിരുന്നു സിതാര. പരിപാടിക്ക് ശേഷം മകൾ സായുവിനടുത്ത് തിരിച്ചെത്തിയ സന്തോഷം സിതാര പങ്കുവയ്ക്കുകയാണ്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ‘വീട്ടിൽ തിരിച്ചെത്തി’ എന്ന് സിതാര പറയുന്നു. മകൾക്കൊപ്പം ചിലവിടുന്ന ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ. ഇരുവരും ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ആ നിമിഷങ്ങളിൽ എന്ന് സിതാര പറയുന്നു.
Read More: അമ്മ പുലിയാണെങ്കിൽ മകൾ പുപ്പുലി; ‘ജാതിക്കാ തോട്ടം’ പാടി സിതാരയുടെ സായു
സായു പലതവണ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര കൃഷ്ണകുമാര്‍ പാടിയ ‘കണ്കള് നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിൽ സിതാരയോടൊപ്പം സായു എത്തി.
പിന്നീട് ഉയരെ എന്ന ചിത്രത്തിലെ സിതാര തന്നെ പാടിയ ഹിറ്റ് ഗാനം നീ മുകിലോ പാടി ഇരുവരും മലയാളികളുടെ ഹൃദയം കവർന്നു. ഇതിന്റെ വീഡിയോ സിതാര തന്നെ തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീണ്ടും മകൾക്കൊപ്പം മറ്റൊരു പാട്ടും പാടി പ്രിയ ഗായിക എത്തി. ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളിൽ എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലെ സിതാര തന്നെ ആലപിച്ച ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഒരു യാത്രക്കിടയിൽ ഇരുവരും ചേർന്ന് പാടിയത്. സുജേഷ് ഹരി രചിച്ച ഗാനത്തിന് സംഗീതം നൽകിയത് വിശ്വജിത്താണ്.
എന്നാൽ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലെ ‘ഈ ജാതിക്കാ തോട്ടം’ എന്ന പാട്ട് പാടുന്ന സായുവിന്റെ വീഡിയോ ആയിയിരുന്നു സോഷ്യൽ മീഡിയയിൽ തരംഗമായത്. ആസ്വദിച്ച് പാട്ടിൽ നന്നായി മുഴുകി ഇടയ്ക്ക് രണ്ട് സ്റ്റെപ്പൊക്കെ ഇട്ടാണ് സായു ജാതിക്കാ തോട്ടം പാടുന്നത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാർ എന്നു പറഞ്ഞ് സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ആയിരുന്നു വീഡിയോ പങ്കുവച്ചത്.