മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു ഗായികയാണ് സിതാര കൃഷ്ണകുമാർ എന്ന് നിസംശയം പറയാം. സിതാരയുടെ പാട്ടുകൾ പോലെ തന്നെ കഥകളും ആരാധകർക്ക് ഇഷ്ടമാണ്. യൂടൂബിലെ അഭിമുഖങ്ങളുടെ താഴെയുള്ള കമന്റുകൾ കണ്ടാൽ അത് അറിയാം. ഏറ്റവും ആത്മാർത്ഥതയോടെ സംസാരിക്കുന്ന ഒരാൾ എന്നാണ് കൂടുതൽ പേർക്കും സിതാരയെ കുറിച്ച് പറയാനുള്ളത്.

Read More: സംഗീതമല്ലേ, സ്വന്തമെന്നു പറഞ്ഞ് കൊണ്ടു നടക്കേണ്ടതല്ലല്ലോ..എല്ലാവരും പാടട്ടെ: സിതാര

പാട്ടുകൾ പോലെ തന്നെ വ്യക്തി എന്ന നിലയിൽ അനുകരണങ്ങൾ ഇല്ലാതെ താനായിരിക്കുക എന്നത് തന്നെയാണ് ഈ ഗായികയെ ആളുകൾക്ക് പ്രിയപ്പെട്ടവളാക്കുന്നത്. ഇന്ന് സിതാര സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോയ്‌ക്കൊപ്പം കുറിച്ച വാക്കുകളാണ് ഏവരുടേുയം ഹൃദയം കവരുന്നത്. മെയ്ക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോയാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കുറിച്ച വാക്കുകൾ ഇങ്ങനെ:

“നിങ്ങളുടെ ചർമ്മം പതിയെ ശ്വസിക്കട്ടെ ആശ്വസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകൾ അവരുടെ കഥകൾ പറയട്ടെ. പക്ഷെ ഒരിക്കലും മറ്റുള്ളവർ നിങ്ങളുടെ ചർമ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരിക്കുക എന്നത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്,” എന്നാണ് സിതാര കുറിച്ചത്.

ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഒരുപക്ഷെ മലയാളി ‘ഞങ്ങളുടെ സ്വന്തം’ എന്ന് പറഞ്ഞ് ചേര്‍ത്തു പിടിച്ച ഒരു ഗായികയായിരിക്കും സിതാര കൃഷ്ണകുമാര്‍. ആ പാട്ടുകളോടും പാട്ടുകാരിയോടും സംഗീതപ്രേമികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. പിന്നണി ഗാനരംഗത്ത് മാത്രമല്ല, ലൈവ് കോണ്‍സേര്‍ട്ടുകളിലൂടെയും റീമിക്‌സുകളിലൂടെയും ഇപ്പോഴിതാ സ്വന്തം ബാന്‍ഡായ മലബാറിക്കസിലൂടെയും സിതാര മലയാളികള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടവളാകുന്നു.

പഴയ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് ഈ ഗായികയ്ക്കുണ്ട്. ‘തുമ്പപ്പൂ പെയ്യണ പൂനിലാവെ,’ ‘നീയല്ലാതാരുണ്ടന്നുടെ’, ‘ഇന്നെന്റെ കരളിലെ’, ‘ആ മലര്‍ പൊയ്കയില്‍’ തുടങ്ങി എത്ര പാട്ടുകളുടെ കവറുകളാണ് സിതാര പുറത്തിറക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook