മലയാള സിനിമയിലെ ‘കുമ്പിടി’ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗായികയാണ് സിതാര കൃഷ്ണകുമാർ. നാടൻ പാട്ടും, ക്ലാസിക്കലും, ഫാസ്റ്റ് നമ്പറും, മെലഡിയും എന്തും സിതാരയുടെ കൈകളിൽ ഭദ്രമാണ്. അതുകൊണ്ടു തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിതാര. അടുത്തിടെയാണ് മകൾ സാവൻ ഋതുവിനൊപ്പം ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന പാട്ട് പാടി ഇരുവരും സോഷ്യൽ മീഡിയയുടെ സ്നേഹം നേടുന്നത്.

വീണ്ടുമിതാ മകൾക്കൊപ്പം മറ്റൊരു പാട്ടും പാടി പ്രിയ ഗായിക എത്തിയിരിക്കുന്നു. ബിജു മേനോനും സംവൃത സുനിലും മുഖ്യ വേഷങ്ങളിൽ എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലെ സിതാര തന്നെ ആലപിച്ച ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന ഗാനമാണ് ഒരു യാത്രക്കിടയിൽ ഇരുവരും ചേർന്ന് പാടുന്നത്. സുജേഷ് ഹരി രചിച്ച ഗാനത്തിന് സംഗീതം നൽകിയത് വിശ്വജിത്താണ്.

സിതാര വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ അമ്മയ്ക്കും മകൾക്കും സ്നേഹവും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സായുവിന്റെ പാട്ടിനോടുള്ള സ്നേഹമാണ് കമന്റുകളിൽ നിറയെ.

Read More: ‘നീ മുകിലോ…’ ചേര്‍ന്നു പാടി സിതാരയും മകളും

മുമ്പൊരിക്കല്‍ ശിശുദിന സമ്മാനമായും സിതാരയും മകളും ഒന്നിച്ചെത്തിയിരുന്നു. ‘മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന ചിത്രത്തിലെ സിതാര പാടിയ മനോഹരമായ ‘കണ്‍കള്‍ നീയേ കാട്രും നീയേ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായാണ് ഇരുവരും എത്തിയത്. തമിഴ് എഴുത്തുകാരി താമരൈയുടെ വരികള്‍ക്ക് ജി.വി.പ്രകാശ് സംഗീതം നല്‍കിയ ഗാനമായിരുന്നു ഇത്.

സിതാര പാടി അഭിനയിച്ച കവര്‍ വേര്‍ഷനില്‍ സിതാരയ്ക്കൊപ്പം മകള്‍ സാവന്‍ ഋതുവും എത്തിയിരുന്നു. തന്റെ പാട്ടുകളില്‍ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ഈ ഗാനം എന്നാണ് പാട്ടിനെക്കുറിച്ച് സിതാര തന്നെ പറഞ്ഞിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook