സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തിളക്കത്തിലാണ് ഗായിക സിത്താര. രണ്ടാം വട്ടവും മികച്ച ഗായികയായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തതിന്റെ ത്രില്ലില്‍. പൃഥ്വിരാജ് ചിത്രമായ വിമാനത്തിലെ വാനമകലുന്നുവോ എന്ന ഗാനത്തിനാണ് സിത്താരയെ തേടി പുരസ്കാരമെത്തിയത്. എന്നാല്‍ പുരസ്കാര തിളക്കത്തിലും ഒരു ദുഃഖം സിത്താരയെ അലട്ടുന്നുണ്ട്.
സിനിമയില്‍ മാത്രമേ അവാര്‍ഡ് നേടിയ ഗാനമുള്ളൂ. അണിയറക്കാര്‍ ഇത് യൂട്യൂബിലോ മറ്റേതെങ്കിലും വെബ്സൈറ്റിലോ അപ്ലോഡ് ചെയ്തിട്ടില്ല, എന്നതാണ് സിത്താരയുടെ ദുഃഖം.
‘അവാര്‍ഡ് കിട്ടിയതില്‍ വളരെ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്. അതില്‍ എനിക്ക് പ്രിയപ്പെട്ട അഞ്ചു പാട്ടുകള്‍ തിരഞ്ഞെടുത്താല്‍ അതിലൊന്നാണ് ഇത്. ഗോപിസുന്ദറാണ് ഇതിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അത് ഇറങ്ങിയപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടമായിരുന്നു. കാരണം ആ സിനിമയില്‍ ഞാന്‍ പാടിയ പാട്ടുകള്‍ യൂട്യൂബില്‍ ലഭ്യമായിരുന്നില്ല.’ സിത്താര പറയുന്നു.
സിനിമ കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്നു തന്നെ ഒരുപാട് സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞു നല്ല പാട്ടാണെന്ന്. ഇടയ്ക്കൊക്കെ എഫ്എമ്മിലും കേള്‍ക്കാറുണ്ടായിരുന്നു. അത്രയേ ഉള്ളൂ. നല്ലൊരു പാട്ട് അധികം ആള്ക്കാര് കേള്‍ക്കാത്തതിന്റെ സങ്കടമുണ്ടായിരുന്നു. അവാര്‍ഡ് കിട്ടിയതു കൊണ്ട് ഇനി ആളുകള്‍ അത് കേള്‍ക്കുമെന്ന പ്രതീക്ഷയുണ്ട്.’ സിത്താര പറയുന്നു.