മലയാളത്തിലെ പുത്തൻ തലമുറയിലെ ഗായകരിൽ ഏറെ ജനപ്രിയനാണ് വിജയ് യേശുദാസ്. ഒരുപിടി മധുരമനോഹരഗാനങ്ങൾ മലയാളത്തിനായി പാടിയ ഗായകൻ. “ഇനി മലയാളം സിനിമയിൽ പാടില്ല” എന്ന വിജയ് യേശുദാസിന്റെ തീരുമാനമാണ് ഇപ്പോൾ പ്രേക്ഷകരെ ഒന്നടക്കം ഞെട്ടിക്കുന്നത്. വനിത മാഗസിനു നൽകിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് തന്റെ തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
“ഇനി മലയാളം സിനിമയിൽ പാടില്ല, അത്രയ്ക്ക് ഈ ഇൻഡസ്ട്രി എന്നെ മടുപ്പിച്ചു. മലയാളത്തിൽ സംഗീതസംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ഇത്തരം അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മലയാളത്തിൽ ‘സെലക്ടീവ്’ ആകാൻ പോലും താൽപ്പര്യമില്ല,” വിജയ് യേശുദാസ് പറയുന്നു.
20 വർഷമായി മലയാളത്തിൽ പാടുന്ന തനിക്കിപ്പോഴും താരതമ്യേന ചെറിയ പ്രതിഫലമാണ് മലയാളം ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നതെന്നും ആരെയും കുറ്റപ്പെടുത്തകയല്ല, ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണ് തന്റെ ഈ കഠിന തീരുമാനമെന്നും വിജയ് യേശുദാസ് പറഞ്ഞു.
സിനിമ മാത്രമല്ല സംഗീതത്തിനുള്ള വഴിയെന്നും സ്വതന്ത്രസംഗീതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് തന്റെ തീരുമാനമെന്നും വിജയ് വ്യക്തമാക്കി.
മൂന്നു തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിൽ മികച്ച ഗായകനുള്ള അവാർഡ് വിജയ് യേശുദാസിനെ തേടിയെത്തിയത്. കോലക്കുഴൽ വിളി കേട്ടോ (നിവേദ്യം), അകലെയോ നീ (ഗ്രാൻഡ് മാസ്റ്റർ), ഈ പുഴയും (ഇന്ത്യൻ റുപ്പി), മലരേ നിന്നെ…. (പ്രേമം), മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ (സ്പിരിറ്റ്), പൂമുത്തോളെ (ജോസഫ്) തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങൾ വിജയ് മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook