പ്രശസ്‌ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസ്സായിരുന്നു. അന്ത്യം ചെന്നൈയിലെ വസതിയിൽ. അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചത്.വീട്ടിൽ കുഴഞ്ഞു വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഒറ്റയ്‌ക്കായിരുന്നു താമസം. വീണ് തലയ്ക്കു പരിക്കേറ്റിറ്റുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാത്രി 7 ന് മൃതദേഹം വീട്ടിലേക്കെത്തിക്കുമെന്നാണ് റിപ്പോർട്ട്.
വാണി ജയറാമിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം കാട്ടിയ ശ്രദ്ധ പിൽക്കാല ഗായകർക്കൊക്കെയും മാതൃകയാണെന്നും മുഖ്യമന്ത്രി.
പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1983 എന്ന മലയാള ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ എന്ന ഗാനം ആലപിച്ചാണ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നത്. മൂന്നു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ അവസാനമായി ആലപിച്ചത് പുലിമുരുകൻ എന്ന ചിത്രത്തിലാണ്.
1971 കാലഘട്ടത്തിലാണ് വാണി ജയറാം തന്റെ കരിയർ ആരംഭിക്കുന്നത്. കെ വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്‌തിയുടെ കോടുമുടിയിലെത്തുന്നത്.
1973 ലാണ് ആദ്യ മലയാള ചിത്രത്തിൽ ഗാനം ആലപിക്കുന്നത്. സലീൽ ചൗധരിയുടെ സംഗീതത്തിൽ ഒരുങ്ങിയ ‘സൗരയുധത്തിൽ വിടർന്നൊരു’ എന്നതാണ് ആദ്യ മലയാള ഗാനം. പ്രമുഖ സംഗീത സംവിധായകരായ എം കെ അർജുനൻ മാസ്റ്റർ, ജി ദേവരാജൻ, എം എസ് വിശ്വനാഥൻ, ആർ കെ ശേഖർ, വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എസ് ബി ഐ ഉദ്യോഗസ്ഥയായിരുന്നു.