ഗായിക വൈക്കം വിജയലക്ഷ്‌മി നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറി. വരുന്ന മാർച്ച് 29ന് തൃശൂർ സ്വദേശി സന്തോഷുമായി വിജയലക്ഷ്‌മിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിശ്രുത വരൻ മുൻപ് സമ്മതിച്ചിരുന്ന പല കാര്യങ്ങളിലും മാറ്റം അറിയച്ചതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് വയ്‌ക്കുന്നതെന്ന് വിജയലക്ഷ്‌മിയുടെ അച്ഛൻ വി. മുരളീധരൻ ഐഇ മലയാളത്തോട് പറഞ്ഞു. വിജയലക്ഷ്‌മിയുടെ സ്വന്തം തീരുമാനപ്രകാരമാണ് വിവാഹം റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം വിജയലക്ഷ്‌മി വിവാഹ നിശ്ചയ വേളയിൽ.

വിവാഹശേഷവും സംഗീത പരിപാടികൾ തുടരാമെന്നും വിജയലക്ഷ്‌മിയുടെ വൈക്കത്തെ വീട്ടിൽ ഒരുമിച്ച് ജീവിക്കാമെന്നും സന്തോഷ് വിവാഹ നിശ്‌ചയത്തിന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷം സംഗീത പരിപാടികൾക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്‌കൂളിൽ അധ്യാപികയായി തുടർന്നാൽ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്‌മിയുടെ വീട്ടിൽ വന്നു താമസിക്കാനാകില്ലെന്നും തൃശൂരിൽ വിവാഹശേഷം കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്‌ക്കാൻ വിജയലക്ഷ്‌മിയെ പ്രേരിപ്പിച്ചത്.

Read More: ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി

തീരുമാനത്തിൽ വിജയലക്ഷ്‌മിക്ക് വിഷമം ഇല്ലെന്നും വിവാഹത്തിനു മുൻപ് തന്നെ ഇക്കാര്യങ്ങൾ അറിയാനായത് ഭാഗ്യംകൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു. ഇനി വിവാഹം ആലോചിക്കുമ്പോൾ കുറേക്കൂടി നന്നായി നോക്കി മാത്രമായിരിക്കും മുന്നോട്ട് പോവുകയെന്നും വിജയലക്ഷ്‌മിയുടെ അച്ഛൻ കൂട്ടിച്ചേർത്തു.

പത്രത്തിൽ നൽകിയ പരസ്യം കണ്ടാണ് വിവാഹ ആലോചന വന്നത്. കഴിഞ്ഞ വർഷം ഡിസംബർ 15നായിരുന്നു നിശ്ചയം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ