മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരന്‍ അനൂപും  വിവാഹിതരായി. വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് 10.30നും 11.30 ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്.

 

പാലാ സ്വദേശിയായ അനൂപ്‌ ഇന്റീരിയര്‍ ഡിസൈന്‍ കോണ്ട്രാക്ടര്‍ കൂടിയാണ്.  നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും വിജയലക്ഷ്മി പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹാനന്തരം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നാവശ്യപ്പെട്ടത് കൊണ്ടാണ്  വിജയലക്ഷ്മിയ്ക്ക്  പിന്മാറേണ്ടി വന്നത്.  പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാം എന്നാവശ്യപ്പെട്ട് അനൂപ്‌ കുടുംബത്തെ സമീപിക്കുന്നത്.

Read More: ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

“ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രി ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”,  വിവാഹനിശ്ചയസമയത്ത് വിജയലക്ഷ്മി പറഞ്ഞു.

സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്‍റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് ഇടംകണ്ടെത്തിയത്. ഗായത്രി വീണയില്‍ വിദഗ്‌ധയായ വിജയലക്ഷ്മി ശാസ്ത്രീയ സംഗീതത്തിലും നിപുണയാണ്.

ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്‍റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍’ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു. ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു.

Read More: അടുത്ത വര്‍ഷം കാഴ്ച ലഭിക്കും; വൈക്കം വിജയലക്ഷ്മി അമേരിക്കയിലേക്ക്

അടുത്ത വർഷമാകുമ്പോഴേക്ക് കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് വിജയലക്ഷ്മിഅടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞിരുന്നു.

“അടുത്ത വർഷം ലോകം കണ്ടിരിക്കും. രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയിൽ പുതിയ ചികിത്സാരീതിയൊക്കെ വരുന്നുണ്ട്. കഴിഞ്ഞ വർഷം അമേരിക്കയിൽ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. ഇപ്പോ നല്ല മാറ്റമുണ്ട്. ഈ വെളിച്ചമൊക്കെ കാണാം”, വിജയലക്ഷ്മി പ്രത്യാശ പ്രകടിപ്പിച്ചു.

വിവാഹവും കാഴ്ചയുമെല്ലാം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കൊണ്ട് വരട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഈ യുവ ഗായികയുടെ ആരാധകര്‍.

വിവാഹചിത്രങ്ങള്‍: മംഗോ വെഡ്ഡിംഗ്/ഫേസ്ബുക്ക്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook