മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം മാറി. ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും.
രണ്ടു വര്‍ഷമായി അനൂപിനെ അറിയാമെന്ന് വൈക്കം വിജയലക്ഷ്മി പറഞ്ഞു. ‘ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല. മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രി ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, വിജയലക്ഷ്മി പറഞ്ഞു.
നേരത്തേ വിവാഹശേഷം സംഗീതത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടയാളുടെ വിവാഹ അഭ്യര്‍ത്ഥന വിജയലക്ഷ്മി ധൈര്യപൂര്‍വം നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷവും സംഗീത പരിപാടികൾ തുടരാമെന്നും വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ ഒരുമിച്ച് ജീവിക്കാമെന്നും സന്തോഷ് എന്നയാള്‍ വിവാഹ നിശ്ചയത്തിന് മുൻപ് പറഞ്ഞിരുന്നു.
എന്നാൽ വിവാഹശേഷം സംഗീത പരിപാടികൾക്ക് പോകണ്ടായെന്നും ഏതെങ്കിലും സ്കൂളിൽ അധ്യാപികയായി തുടർന്നാൽ മതിയെന്നും സന്തോഷ് അറിയിച്ചു. കൂടാതെ, വിജയലക്ഷ്മിയുടെ വീട്ടിൽ വന്നു താമസിക്കാനാകില്ലെന്നും വിവാഹശേഷം തൃശൂരിൽ കഴിയാമെന്നും സന്തോഷ് അറിയിക്കുകയായിരുന്നു. ഇതാണ് വിവാഹം വേണ്ടെന്നു വയ്ക്കാൻ വിജയലക്ഷ്മിയെ പ്രേരിപ്പിച്ചത്.
വീഡിയോ: ഏഷ്യാനെറ്റ്
സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് ഇടംകണ്ടെത്തിയത്. ഗായത്രി വീണയില്‍ വിദഗ്ധയായ വിജയലക്ഷ്മി ശാസ്ത്രീയ സംഗീതത്തിലും നിപുണയാണ്.
ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍’ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു. ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു.