scorecardresearch
Latest News

ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ “ദൂരെ ഏതോ”യുടെ റീലീസ് ഇന്ന്

ശ്രീനിവാസിന്റെ മകള്‍ ശരണ്യയും ഈ മനോഹരമായ മെലഡിയില്‍ പാടിയിട്ടുണ്ട്

album, singers, ie malayalam

പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ “ദൂരെ ഏതോ” 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ആണ് ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സ്‌ന രാധാകൃഷ്ണന്‍, രാഹുല്‍ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരന്‍, ഹരിശങ്കര്‍ കെ എസ്, സിദ്ധാര്‍ത്ഥ് മേനോന്‍, സൂരജ് സന്തോഷ്, ആര്യ ദയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീനിവാസിന്റെ മകള്‍ ശരണ്യയും ഈ മനോഹരമായ മെലഡിയില്‍ പാടിയിട്ടുണ്ട്.

പാട്ട് പിറന്ന മുറി

ദൂരങ്ങളില്‍ ഇരുന്ന് പലര്‍ ചേര്‍ന്ന് മൂളിയതും എഴുതിയതും ക്ലബ് ഹൗസിലെ പാതിരാപ്പാട്ട് എന്ന മുറിയില്‍ ഗാനമായി പിറന്നപ്പോള്‍ അത് റിലീസ് ചെയ്യാന്‍ പ്രശസ്ത ഗായകനായ ശ്രീനിവാസ് എത്തിയത് ആ ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതത്തിലെ ഒരു നിമിത്തമായി മാറി. സംഗീതവുമായി ബന്ധപ്പെട്ട കഴിവുകള്‍ അവതരിപ്പിക്കാനുള്ള ക്ലബ്ഹൗസ് വേദിയാണ് പാതിരാപ്പാട്ട്. പാതിരാപ്പാട്ടിലെ സജീവ സാന്നിദ്ധ്യമായ അഭിനേത്രിയും സൈക്കോളജിസ്റ്റുമായ മാലാ പാര്‍വതി മുന്നോട്ട് വച്ച ഒരു ആശയത്തില്‍ നിന്ന് “കാണാതെ” എന്ന ഗാനം പിറക്കുകയും ജൂലൈ 24-ന് അത് റിലീസ് ചെയ്യാന്‍ ശ്രീനിവാസ് എത്തുകയുമായിരുന്നു.

പാതിരാപ്പാട്ട് സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് എഴുതി, സംഗീതം നല്‍കിയ ഗാനം അവതരിപ്പിക്കാമെന്ന ആശയമാണ് മാലാ പാര്‍വതി മുന്നോട്ടുവച്ചത്. അങ്ങനെ പിറന്നതാണ് “കാണാതെ” എന്ന ഗാനം. ഷിന്‍സി നോബിള്‍ എഴുതിയ വരികള്‍ക്ക് സജീവ് സ്റ്റാന്‍ലി ഈണം നല്‍കി സജീവ് തന്നെ ആലപിക്കുകയായിരുന്നു. ആ ഗാനം ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഷിന്‍സിയുടേയും സജീവിന്റേയും പ്രതിഭ മനസ്സിലാക്കിയ അദ്ദേഹം ഇരുവരുടേയും ജീവിതത്തില്‍ അനുഗ്രഹമായി മാറി.

ഒരു മണിക്കൂറിനുള്ളിൽ എത്തിയ സംഗീതം

“കാണാതെ” റിലീസ് ചെയ്യുന്ന വേദിയില്‍ വച്ച് ശ്രീനിവാസ് ആ ഗാനത്തിന്റെ വരികള്‍ പാടുകയും പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച യുവസംഗീതജ്ഞരുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, അദ്ദേഹം ഒരു മണിക്കൂറിനുള്ളില്‍ പുതിയൊരു ഗാനത്തിനുവേണ്ടിയുള്ള സംഗീതം ചെയ്ത് അയച്ചു കൊടുക്കുകയും ചെയ്തു.

ആ സംഗീതത്തിന് ഷിന്‍സി വരികളെഴുതുകയും സജീവ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തു. ശ്രീനിവാസും മകള്‍ ശരണ്യയും പാടുകയും ചെയ്തു. ആ ഗാനത്തെ പാതിരാപ്പാട്ട് സംഘം ദൃശ്യവല്‍ക്കരിച്ച് ശ്രീനിവാസിന്റെ ജീവിതത്തിലെ ആദ്യ സംഗീത ആല്‍ബം “ദൂരെ ഏതോ” പിറന്നു.

“അമ്മമരത്തണലില്‍” എന്ന സിനിമയ്ക്കുവേണ്ടി നാവൂറ് പാട്ട് എന്ന ഗാനം ഷിന്‍സി എഴുതിയിരുന്നു. സജീവാകട്ടെ “ബേബി സാം” എന്ന ചിത്രത്തിനുവേണ്ടി സംഗീതം നല്‍കുകയും കൊറോണയെത്തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാരണം സിനിമ റിലീസ് ആകുന്നത് വൈകുകയും ചെയ്തു. ശ്രീനിവാസിന്റെ ആല്‍ബം ഇരുവര്‍ക്കും പുത്തനുണര്‍വാണ് നല്‍കിയത്.

സുര്‍ ജാം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ആല്‍ബം അവതരിപ്പിക്കുന്നത് മ്യൂസിക് 247 ആണ്.

പാതിരാ ആഘോഷം

“ദൂരെ ഏതോ”യുടെ റിലീസിന്റെ ഭാഗമായി ഇന്ന് രാത്രി 9 മണിക്ക് പാതിരാപാട്ടുകള്‍ ക്ലബ്ഹൗസ് മുറിയില്‍ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. അതിഥികളായി ശ്രീനിവാസനും മകള്‍ ശരണ്യയും പങ്കെടുക്കും. അതില്‍, സംഗീത ലോകത്തെ പ്രമുഖരായ പാലക്കാട് ശ്രീരാം, വീത് രാഗ്, ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാരാ കൃഷ്ണകുമാര്‍, പ്രദീപ് സോമസുന്ദരം, നടി വീണാ നന്ദകുമാര്‍ എന്നിവരും പാതിരാപ്പാട്ടിനെ പ്രതിനിധീകരിച്ച് മാലാ പാര്‍വതിയും പങ്കെടുക്കും.

Read More: തമ്മിൽ കാണാതെ; ക്ലബ് ഹൗസിൽ പിറന്ന പാട്ട്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer sreenivas first album release