ചെന്നൈ: അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സംസ്കാരം ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. റെഡ് ഹിൽസിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാരം

ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു എസ് പി ബിയുടെ അന്ത്യം. എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

മരണവാര്‍ത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധര്‍ നഗര്‍ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലേക്ക് ആരാധകര്‍ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം ഇവിടെ എത്തിച്ചത്.

Read More: Singer SP Balasubrahmanyam passes away: പ്രിയഗായകന് വിട; എസ് പി ബാലസുബ്രമണ്യം അന്തരിച്ചു

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഹം പ്രദേശത്ത് ഒരുക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അണുവിമുക്തമാക്കുന്നുമുണ്ടായിരുന്നു.

വൈകിട്ട് നാല് മണിയോടെ സ്വവസതിയില്‍ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്‍റെ നേതൃത്വത്തില്‍ പൗരാവലിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കി. കോവിഡ് പശ്ചാത്തലത്തില്‍ വലിയ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരുന്നത്.

ഓഗസ്റ്റ് 5 നാണ് എസ് പി ബാലസുബ്രമണ്യത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് 13 ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Read More: ഞാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല; ബാലുവിന്റെ വേർപാടിൽ വാക്കുകളിടറി രാജ

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാവുകയും ചെയ്തു. ഇതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമായ പുരോഗതി കൈവരിച്ചുവെന്ന് മകന്‍ എസ് പി ചരണ്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും ചെയ്തിരുന്നു.

സെപ്തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചതായി ചരണ്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. എന്നാല്‍ ശ്വാസകോശവുമായടക്കം ബന്ധപ്പെട്ട രോഗബാധകള്‍ കാരണം അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ചരണ്‍ വ്യക്തമാക്കിയിരുന്നു.

അച്ഛന്‍ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ചരണ്‍ ഈ മാസം 14ന് അറിയിച്ചിരുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണെന്നുമാണ് ചരണ്‍ അന്ന് പറഞ്ഞത്. എന്നാല്‍ ആരാധകലോകത്തിന്റെയും സംഗീത പ്രേമികളുടെയും പ്രാര്‍ത്ഥനകളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കിക്കൊണ്ടാണ് എസ് പി ബാലസുബ്രമണ്യം യാത്രയായത്‌

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook