ചലച്ചിത്ര ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ കോവിഡ് ബാധയെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. മൂന്നൂറിലേറെ ചിത്രങ്ങളിലായി 1200 ഓളം പാട്ടുകളാണ് ഖാദർ മലയാള സിനിമക്ക് നൽകിയത്. മലയാളിയുടെ നാവിന് തുമ്പിലെ നിത്യഹരിത ഗാനങ്ങള്‍ പലതും പൂവച്ചല്‍ ഖാദറിന്റെ തൂലികയില്‍ വിരിഞ്ഞതായിരുന്നു. സിനിമാ സംഗീത മേഖലയിൽ നിന്നും നിരവധിപേരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.
ഇപ്പോഴിതാ ഗായകൻ ഷഹബാസ് അമാനും അദ്ദേഹത്തിനെ ഓർക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹം വരികളെഴുതിയ “ചിരിക്കാൻ മറന്നു നീ” എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഷഹബാസ് അമാൻ പൂവച്ചൽ ഖാദറിനെ കുറിച്ചു എഴുതിയത്.
“മുത്ത്പോലത്തെ ഒരു മനുഷ്യനായിരുന്നു ഖാദർക്ക! സദാ പുഞ്ചിരി തൂവുന്ന സൗമ്യൻ! “ഗാനരചന: പൂവച്ചൽ ഖാദർ” എന്ന് റേഡിയോയിൽ കേട്ട് വളർന്ന ഒരു കുട്ടിക്ക് പിൽക്കാലത്ത് അദ്ദേഹവുമായി ചേർന്ന് ഒരു വർക്ക് ചെയ്യാനും അതിലുപരി നല്ല ഒരു വ്യക്തിബന്ധം നില നിർത്താനും കഴിഞ്ഞതിൽ വലിയ അഭിമാനവും ആശ്വാസവും തോന്നുന്നു ! സിനിമയിലെയല്ല; ജീവിതത്തിലെ ആദ്യത്തെ “ഹിറ്റ്” ആയിരുന്നു മനോരമ മ്യൂസിക്സ് പുറത്തിറക്കിയ ‘നീയും നിലാവും’ എന്ന ആൽബം! കൂട്ടുകാർ തീർത്ത സ്നേഹ വലയത്തിൽ ഖാദർക്കയാണു ഈ വരികൾ കൊണ്ട് അതിനു നാന്ദി കുറിച്ചത്! ചിരിക്കാൻ മറക്കരുത് എന്ന് പറയാൻ സർവ്വാത്മനാ ഏറ്റവും അർഹതയുള്ള ഒരാളായിരുന്നു അദ്ദേഹം.”
“80 കളിലെ പൂവച്ചൽ ഖാദറി’ നെ ഓർമ്മിപ്പിക്കും വിധം ഈ പാട്ടിനു ഒറിജിനലിൽ നിന്നും വ്യത്യസ്തമായ ഒരു പശ്ചാത്തലസംഗീതമൊരുക്കിയതിനു പ്രിയ സച്ചിൻ ബാലുവിനു നന്ദി! ഒരിക്കൽ നമുക്ക് ഇതിന്റെ ഫുൾവേർഷൻ ചെയ്യണം..പ്രിയ ഖാദർക്കാ..വിട പറയുന്നില്ല. എല്ലാറ്റിനും നന്ദി. എല്ലാവരോടും സ്നേഹം..” ഷഹബാസ് അമാൻ കുറിച്ചു.
Read Also: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ വിടവാങ്ങി
നാഥാ നീ വരും, ഏതോ ജന്മ കല്പനയില്, ശരറാന്തല്‍ തിരിതാഴും..തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്ക് പിന്നില്‍ പൂവച്ചല്‍ ഖാദറായിരുന്നു. 1980 കാലഘട്ടത്തിൽ സിനിമാ രംഗത്തു നിറസാന്നിധ്യമായിരുന്ന ഖാദർ കെ.ജി.ജോർജ്, പി.എൻ.മേനോൻ, ഐ.വി.ശശി, ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.