സംഗീത വേദികൾക്ക് വിട ചൊല്ലി പ്രിയ ഗായിക എസ്. ജാനകി. ഇന്നലെ മൈസൂരുവിൽ നടത്തിയ പൊതുപരിപാടിയിൽ വച്ച് ജാനകിയമ്മ വിരമിക്കൽ പ്രഖ്യാപിച്ചു. ഇടവേളകളില്ലാതെ നിന്ന് പാടിയ നാലു മണിക്കൂർ ആരാധകരെ ശുദ്ധ സംഗീതത്തിന്‍റെ അമരത്തെത്തിച്ചായിരുന്നു ആ വിടവാങ്ങൽ.

‘സിനിമാസംഗീതത്തില്‍ കഴിവിനാവുന്നതെല്ലാം ചെയ്തു എന്ന് കുറച്ച് നാളായി തോന്നുന്നു. സംഗീതസംവിധായകരുടെ ഒട്ടേറെ തലമുറകള്‍ക്കുവേണ്ടി പാടി. പ്രഗല്ഭരായ പാട്ടുകാര്‍ക്കൊപ്പം വേദി പങ്കിട്ടു. ഇപ്പോള്‍ പ്രായമായി. 80 വയസ്സാകാന്‍ പോകുന്നു. വിടവാങ്ങാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭമില്ലെന്ന് മനസ്സുപറയുന്നു’ സംഗീതവേദികളോട് വിടപറയാനുള്ള തീരുമാനം എസ് ജാനകി പ്രഖ്യാപിച്ചത് ഇങ്ങനെ.

മൈസൂരുവിലെ മാനസ ഗംഗോത്രിയായിരുന്നു വേദി. തെന്നിന്ത്യയുടെ പ്രിയ ഗായികയുടെ സംഗീത ജീവിതത്തിലെ അവസാന സ്റ്റേജ്. പന്ത്രണ്ടായിരത്തോളം വരുന്ന ആസ്വാദകരെ സാക്ഷിയാക്കി എസ്. ജാനകി പാടി നിർത്തി. ഇനി ഒരിക്കലും സംഗീത വേദികളിലേക്ക് ഇല്ലെന്ന പ്രഖ്യാപനവുമായി. മലയാളവും തമിഴും തെലുങ്കും കന്നടയും. കന്നട ഗാനങ്ങൾക്കായിരുന്നു മുൻതൂക്കം. ആകെ 43 പാട്ടുകൾ വേദിയിൽ പാടി.

ആറു മാസം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാധകരായ നവീൻ, പവൻ, പ്രവീൺ എന്നിവരുടെ നിരന്തര അഭ്യർത്ഥന മാനിച്ചായിരുന്നു മൈസൂരുവിൽ പാടാനെത്തിയത്. കഴിഞ്ഞ വർഷം മലയാള ചിത്രമായ പത്ത് കൽപനകളിൽ പാടി സിനിമാ സംഗീതവും എസ്. ജാനകി അവസാനിപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ