ബംഗാളിലെ റാണാഘട്ടിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാട്ടു പാടി ജീവിതം നയിച്ച റാണു മണ്ഡൽ എന്ന മധ്യവയസ്ക ഒന്ന് രാത്രി ഇരുണ്ട് വെളുത്തപ്പോഴേയ്ക്കും ഇന്ത്യ അറിയപ്പെടുന്ന ഗായികയായി. ഇപ്പോഴിതാ റാണു കേരളത്തിലും എത്തിയിരിക്കുന്നു. കോമഡി സ്റ്റാഴ്സ് എന്ന ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയ റാണു മണ്ഡലിനെക്കൊണ്ട് എല്ലാരും ചൊല്ലണ്.. എന്ന പഴയ പാട്ട് പാടിക്കാനുള്ള ശ്രമം നടത്തുകയാണ് റിമി ടോമി.

എന്നാൽ താൻ സ്റ്റേജിൽ പാടിക്കൊള്ളാം എന്നു പറഞ്ഞ് റാണു ചിരിക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും റിമി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ റാണു എല്ലാവരോടും ‘നമസ്കാരം’ പറയുന്നതും കാണാം.

സോഷ്യല്‍ മീഡിയ വഴി ഹിന്ദി പിന്നണി ഗായികയായി മാറിയ വലിയ പാട്ടുകാരിയാണ് റാണു മണ്ഡോല്‍ എന്നും, അവര്‍ ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ എന്നും റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഴിവുണ്ടായിട്ടും ഒന്നും നേടാനായില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഈ ഗായികയിലൂടെ ഒരുപാട് പ്രതീക്ഷകള്‍ ലഭിച്ചിരിക്കുകയാണെന്നും റിമി പറഞ്ഞു.

പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ,ലതാ മങ്കേഷ്കറുടെ “ഏക് പ്യാർ കാ നഗ്മാ ഹേയ്” എന്ന ഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെയാണ് റാണു മണ്ഡൽ ജനപ്രിയയായത്. സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ റാണുവിന്റെ സംഗീതം ശ്രദ്ധിക്കുകയും തന്റെ വരാനിരിക്കുന്ന ഹാപ്പി ഹാർഡി ആൻഡ് ഹീർ എന്ന സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.

അൻപത് വയസുകാരിയായ റാണു മണ്ഡൽ അടുത്തിടെ ടിവി റിയാലിറ്റി ഷോ സൂപ്പർ സ്റ്റാർ സിംഗറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹിമേഷ് രേഷാമിയയ്‌ക്കൊപ്പം “തെരി മേരി കഹാനി”, “ആദത്ത്”, “ആഷിക്കി മെൻ തെരി” എന്നീ മൂന്ന് ഗാനങ്ങൾ ഇതുവരെ റെക്കോർഡുചെയ്‌തു.

Read More: അനുകരണം ഒരിക്കലും ശാശ്വതമല്ല; റാണു മണ്ഡലിനോട് ലത മങ്കേഷ്‌കർ

ചുരുങ്ങിയ സമയം കൊണ്ട് പ്രശസ്തയായ ഇവർ അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി ക്ഷണിക്കപ്പെട്ടു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടു. ബംഗാൾ, ഹിന്ദി, തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഓഫറുകളും റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു.

റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.

ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook