സമൂഹമാധ്യമങ്ങളിൽ തന്നെ നിരന്തരം ടാർഗറ്റ് ചെയ്ത് വരുന്ന മോശം വാർത്തകൾക്കെതിരെ ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് ആവശ്യമില്ലാത്ത തലക്കെട്ടുകള്‍ നല്കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീത് നൽകുകയാണ് രഞ്ജിനി.
കഴിഞ്ഞ ദിവസങ്ങളിൽ ഗായകൻ വിജയ് യേശുദാസുമായി രഞ്ജിനി ജോസ് പ്രണയത്തിൽ എന്ന രീതിയിൽ വന്ന വാർത്തകളോടും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ രഞ്ജിനി പ്രതികരിച്ചു.
“നമസ്കാരം. ഈ വീഡിയോ ചെയ്യണമോ എന്ന് ഞാൻ ഒരുപാട് ആലോചിച്ചു. നമ്മളെല്ലാം മനുഷ്യരാണ്, ജീവിതത്തിൽ ഒരുപാട് വീഴ്ചകളുമൊക്കെയുള്ള സമയമാണ്. അതിന്റെയിടയിലാണ് ഇത്തരം വ്യാജവാർത്തകളും ഗോസിപ്പുകളുമൊക്കെ വരുന്നത്. വായിക്കുന്നവർക്ക് സെലിബ്രിറ്റികളെ കുറിച്ചുള്ള വാർത്തകളൊക്കെ ഒരു രസമാണ്. പക്ഷേ, മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാവരും മനുഷ്യരാണ്. എന്റെ ഓർമയിൽ ഞാനിതുവരെ എന്റെ സ്വകാര്യ ജീവിതം ഒരിക്കലും പൊതു സമൂഹത്തിന് മുന്നില്‍ പറയുകയോ ഒരു പരിപാടികളില്‍ പ്രശ്നം ഉണ്ടാക്കിയെന്നോ അതുപോലുള്ള ഒരു പരാതി പോലും കേൾപ്പിക്കാത്ത ആളാണ്. പിന്നെ എന്തിനാണ് കുറച്ചുമാസങ്ങളായി എന്നെയിങ്ങനെ നിരന്തരം ടാർഗറ്റ് ചെയ്യുന്നത് എന്നറിയില്ല. അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഇടുന്നത്.”
“ഒരാണിന്റെ കൂടെ ഒരു ഫോട്ടോ വന്നാൽ, അയാളെന്നെ ഒരു ബർത്ത്ഡേ പോസ്റ്റിൽ ടാഗ് ചെയ്താൽ ഉടനെ അയാളുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങൾ കല്യാണം കഴിക്കാൻ പോവുകയാണെന്നും വാർത്ത വരുന്നു. അതുകഴിഞ്ഞ്, എന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാൾക്കൊപ്പം ഗൃഹലക്ഷ്മിയുടെ കവർചിത്രമായി വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ലെസ്ബിയൻസ് ആണോ എന്നാണ് ഒരു മഞ്ഞപത്രത്തിൽ വാർത്ത വന്നത്.”
നിങ്ങൾക്ക് വീട്ടിൽ സഹോദരിമാരില്ലേ, സുഹൃത്തുക്കളില്ലേ? എല്ലാറ്റിനും അടിസ്ഥാനം ലൈംഗികതയാണോ? അത്രയും ഇടുങ്ങിയ ചിന്താഗതിയോടെയാണോ നിങ്ങൾ ഇടപഴകുന്നത്? വൃത്തിക്കേട് എഴുതുന്നതിനു ഒരു പരിധിയില്ലേ? ഇതിനെതിരെ ശക്തമായ രീതിയുള്ള നടപടികള്‍ വേണം എന്നാണ് എനിക്ക് പറയാനുള്ളത്.”
“എന്റെ വീഡിയോക്ക് മോശം കമന്റ് എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക, ഇല്ലെങ്കില്‍ ഉറപ്പായും പരാതി നല്‍കും. എല്ലാവരുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്,” രഞ്ജിനി പറഞ്ഞു.