മലയാളത്തിന്റെ പ്രിയ ഗായകൻ നജീം അർഷാദ് ഇനി സംഗീത സംവിധായകൻ. മേജർ രവി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‍സ് എന്ന ചിത്രത്തിലൂടെയാണ് നജീം സംഗീത സംവിധായകനായത്. ഒരു ഹിന്ദി ദേശഭക്തി ഗാനമാണ് നജീം ചിട്ടപ്പെടുത്തിയത്. ഹരിഹരനാണ് ഈ ഗാനം പാടിയിരിക്കുന്നത്.

“ഒരു വർഷം മുൻപാണ് ഈ ദേശ ഭക്തി ഗാനത്തിന്റെ പിറവി. സുഹൃത്തായ ശ്യാം വരികളെഴുതിയ ഒരു ഗാനത്തിന് ഞാൻ സംഗീതമിടുകയായിരുന്നു. മേജർ രവി 1971 ബിയോണ്ട് ബോർഡേഴ്‌സ് ചിത്രത്തിന്റെ ക്ളൈമാക്‌സ് ചിത്രീകരിച്ചു കൊണ്ടിരിക്കവെയാണ് ഗാനവുമായി അദ്ദേഹത്തെ സമീപിക്കുന്നത്. പാട്ട് കേട്ട് ഇഷ്‌ടപ്പെട്ടു. പിന്നീട് ആ പാട്ട് അടിമുടി മാറ്റി പണിയുകയായിരുന്നു. അങ്ങനെ തുടക്കത്തിൽ രണ്ടര മിനിറ്റുണ്ടായിരുന്ന ഗാനം എട്ട് മിനിറ്റ് ദൈർഘ്യമുളള ഒന്നായി.” നജീം ഐഇ മലയാളത്തോട് പറഞ്ഞു.

എട്ട് മിനിറ്റ് ദൈർഘ്യമുളള പാട്ട് സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. കമൽ കാർത്തിക്കാണ് ഗാനത്തിന്റെ വരികളെഴുതിയത്. ആലപിച്ചിരിക്കുന്നത് ഹരിഹരനാണ്. എന്നാൽ ഗാനത്തിന്റെ അവസാന ഭാഗത്ത് സംഗീത സംവിധായകൻ കൂടിയായ നജീമും പാടിയിട്ടുണ്ട്.

സംഗീത സംവിധാനവും ആലാപനവും രണ്ടും വ്യത്യസ്‌തമായ അനുഭവമാണെന്നും നജീം പറയുന്നു. സംഗീത സംവിധാനം ആത്മാവിനുളളിൽ നിന്നും വരുന്ന ഒന്നാണ്. അതിർത്തിയിലെ പട്ടാളക്കാരെ ഓർത്താണ് ഈ പാട്ട് ചിട്ടപ്പെടുത്തിയതെന്നും നജീം.

നജീമിനെ സിനിമാ ഗാനരംഗത്തേക്ക് കൈ പിടിച്ചുയർത്തുന്നതും മേജർ രവിയാണ്. മിഷൻ 90 ഡേയ്‌സ് എന്ന ചിത്രത്തിലൂടെ. ഗായകനായും സംഗീതസംവിധായകനായും മേജർ രവി സാറിന്റെ കൂടെ തുടങ്ങാനായത് സന്തോഷം നൽകുന്ന കാര്യമാണെന്നും നജീം പറഞ്ഞു. മോഹൻലാൽ ഉൾപ്പടെ 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ടീമംഗങ്ങളിൽ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചത്. ചിത്രീകരിച്ച രംഗങ്ങളോട് ചേർന്നു നിൽക്കുന്ന ഗാനമാണെന്ന ക്യാമറാമാനായ സുജിത്ത് വാസുദേവിന്റെ വാക്കുകളും നജീം ഹൃദയത്തോട് ചേർത്തു വെക്കുന്നു. ഈ ഗാനം നൽകുന്ന ആത്മവിശ്വാസവും സന്തോഷവും വളരെ വലുതാണെന്ന് യുവ ഗായകൻ പറയുന്നു.

ഇനിയും സംഗീത സംവിധാന രംഗത്തേക്ക് വരുമോയെന്ന ചോദ്യത്തിന് മികച്ച അവസരങ്ങൾ കിട്ടിയാൽ തീർച്ചയായും സംഗീത സംവിധായകനാകുമെന്നും എന്നാലും പാട്ടുകാരനായി തുടരാൻ തന്നെയാണ് ആഗ്രഹമെന്നും നജീം പറയുന്നു.

അച്ചായൻസ്, റോൾ മോഡൽസ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് നജീമിന്റെ പുറത്തിറങ്ങാനുളളത്. വിശ്വ വിഖ്യാതരായ പയ്യന്മാർ എന്ന ചിത്രത്തിൽ ഒരു ഖവാലി ഗാനം പാടി അഭിനയിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ