കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലേറെയായി സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്ന പിന്നണി ഗായകൻ മുഹമ്മദ് അസീസ് അന്തരിച്ചു. 64 വയസ്സായിരുന്നു. കൊൽക്കത്തയിൽ ഒരു മ്യൂസിക് ഷോ കഴിഞ്ഞ് തിരിച്ച് മുംബൈയിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം സംഭവിച്ച് എയർപോർട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ നാനാവതി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഹിന്ദി, ബംഗാളി, ഒഡിയ ചിത്രങ്ങളിലെല്ലാം പിന്നണി ഗായകനായി പ്രവർത്തിച്ച അസീസ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. മുഹമ്മദ് റാഫിയുടെ ആരാധകനായിരുന്ന മുഹമ്മദ് അസീസ് ബംഗാളി ചിത്രം ‘ജ്യോതി’യിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1984 ൽ ഇറങ്ങിയ ‘അമ്പർ’ ആയിരുന്നു അസീസ് പിന്നണി ഗായകനായ ആദ്യ ഹിന്ദി ചിത്രം. ‘മർദ്’ എന്ന ചിത്രത്തിൽ അനു മാലിക്കിന്റെ സംഗീത സംവിധാനത്തിൽ അമിതാഭ് ബച്ചനു വേണ്ടി പാടിയ രണ്ടു പാട്ടുകളാണ് അസീസിന്റെ കരിയറിൽ ബ്രേക്ക് ആയത്.
ലക്ഷ്മികാന്ത്- പ്യാരിലാൽ, കല്യാൺജി- ആനന്ദ്ജി, ആർ ഡി ബർമൻ, നൗഷാദ്, ഒ.പി.നയ്യാർ, ബാപ്പി ലാഹിരി തുടങ്ങിയവർക്കൊപ്പമെല്ലാം പ്രവർത്തിച്ച ഗായകനായിരുന്നു അസീസ്. 1980 കൾ മുതൽ 1990 വരെ അനുരാധ പദുവാൾ, ആശ ബോസ്ലെ, കവിത കൃഷ്ണ മൂർത്തി എന്നിവർക്കൊപ്പം നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിക്കാനും അസീസിനു കഴിഞ്ഞു.