പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയാവുന്നു. പത്തനംതിട്ട സ്വദേശിയായ ജെറിൻ ആണ് വരൻ. കുട്ടിക്കാലം മുതൽ മഞ്ജരിയുടെ സുഹൃത്താണ് ജെറിൻ.
വെള്ളിയാഴ്ചയാണ് വിവാഹം. തിരുവനന്തപുരത്ത് നടക്കുന്ന വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുക്കും.
Read more: ദാസ് അങ്കിളിനെ ‘പോടാ’ എന്ന് വിളിക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു; മഞ്ജരി പറയുന്നു
സത്യൻ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന പാട്ട് പാടികൊണ്ട് സംഗീതലോകത്തെത്തിയ മഞ്ജരി ഇന്ന് മലയാളത്തിലെ മികച്ച ഗായകരിൽ ഒരാളാണ്. പാട്ടിയ പാട്ടുകളിൽ ഒട്ടുമിക്കതും ഹിറ്റ്, മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകർക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാൻ അവസരം ലഭിച്ച പാട്ടുകാരി, സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസൽ ഗായിക… അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് മഞ്ജരിയ്ക്ക്.
രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന ചിത്രത്തിലെ ‘മുകിലിൻ മകളേ’ എന്ന ഗാനത്തിനും, 2008ൽ പുറത്തിറങ്ങിയ ‘വിലാപങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലെ ‘മുള്ളുള്ള മുരിക്കിൻ മേൽ’ എന്ന ഗാനത്തിനുമായിരുന്നു പുരസ്കാരങ്ങൾ.