കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് ലതാ മങ്കേഷ്കർ.
നില ഗുരുതരമായതിനെ തുടർന്ന് ഗായികയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ പ്രതിത് സംധാനി അറിയിച്ചു. “ഞങ്ങൾ അവരെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നില ഗുരുതരമാണെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നുണ്ട്,” ഡോക്ടർ പ്രതിത് പറഞ്ഞു. സഹോദരിയെ കാണാൻ ഗായിക ആശ ഭോസ്‌ലെയും ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചിരുന്നെങ്കിലും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആരോഗ്യനില മോശമായിരിക്കുന്നുവെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്.
‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് രാജ്യം സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുന്ന ലതാ മങ്കേഷ്കർ 13-ാം വയസ്സിലാണ് തന്റെ സംഗീത സപര്യ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യൻ സംഗീതത്തിന്റെ മുഖച്ഛായ മാറ്റാനും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ അതുല്യ പ്രതിഭയ്ക്ക് സാധിച്ചു. 1942 മുതല്‍ ഇതുവരെയുള്ള കാലയളവിൽ, ഇടമുറിയാത്ത തന്റെ സംഗീത സപര്യ കൊണ്ട് സംഗീതപ്രേമികളെ വിസ്മയിക്കുകയാണ് ലത മങ്കേഷ്കർ.