ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കെകെയുടെ മുഖത്തും തലയിലും മുറിവുകളുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
കൊൽക്കത്തയിൽ ഗുരുദാസ് കോളേജ് ഫെസ്റ്റിന് നസ്‌റുൽ മഞ്ചയിൽ ലൈവ് പെർഫോമൻസ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കെകെ അസുഖബാധിതനായി ഹോട്ടലിലേക്ക് മടങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 53 വയസ്സായിരുന്നു. മരണത്തിനു മുൻപ് കെകെയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി സംശയിക്കുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

രാത്രി 8.30 വരെ കൊൺസേർട്ട് തുടർന്നു. അസ്വാസ്ഥ്യം തോന്നിയതോടെ കെകെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. നസ്‌റുൽ മഞ്ച ഓഡിറ്റോറിയം ആൾക്കൂട്ടത്താൽ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നുവെന്നും എയർ കണ്ടീഷനിംഗ് ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും ചൊവ്വാഴ്ച കൊൺസേർട്ടിൽ പങ്കെടുത്ത ചില പ്രേക്ഷകർ പറയുന്നു. സ്റ്റേജിലെ ചൂടുസഹിക്കാനാവാതെ വിയർത്തു കുളിച്ചു നിൽക്കുകയായിരുന്ന കെകെ, സ്പോട്ട്‌ലൈറ്റുകളുടെ വെളിച്ചം കുറയ്ക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വേദിയ്ക്ക് ചുറ്റും ആളുകൾ തടിച്ചുകൂടിയതിനെ കുറിച്ച് കെകെ സംഘാടകരോട് പരാതിപ്പെട്ടതായും പറയപ്പെടുന്നു.
മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ന് എസ്.എസ്.കെ.എം ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഭാര്യയും ഒരു മകനും മകളുമാണ് കെകെയ്ക്ക് ഉള്ളത്. കെകെയുടെ കുടുംബം ഇന്ന് കൊൽക്കത്തയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെകെയുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സംഗീതലോകം. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ കെകെയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, സോനു നിഗം, ഹർഷ്ദീപ് കൗർ, വിശാൽ ദദ്‌ലാനി തുടങ്ങി നിരവധി പ്രമുഖർ കെകെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
Read more: നിറസദസ്സിനു മുൻപിൽ സംഗീതത്തിൽ അലിഞ്ഞ് കെകെ; നൊമ്പരമായി ചിത്രങ്ങൾ