മലയാളത്തിലെ പിന്നണിഗായകർക്കിടയിൽ ഏറെ ശ്രദ്ധേയമായ സ്വരമാണ് ജ്യോത്സ്നയുടേത്. ശരീര പ്രകൃതിയുടെയും തടിയുടെയും പേരിൽ വളരെക്കാലം താനും ബോഡി ഷെയ്മിങ്ങിന് ഇരയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ജ്യോത്സ്ന. പഴയതും പുതിയതുമായ രണ്ടു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജ്യോത്സ്ന കുറിപ്പ്.
“ഈ ചിത്രം ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. വണ്ണം വയ്ക്കുന്നതോ അമിതഭാരമോ ഭയാനകരമായ കാര്യമാണെന്ന് ചൂണ്ടികാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങൾക്ക് മൂല്യം നൽകുന്നത്. ജീവിതത്തിൽ വളരെക്കാലം ഞാനും ബോഡി ഷെയ്മിങ്ങിന്റെ ഇരയായിരുന്നു. ഏറ്റവും മോശമായ വൈകാരികമായ അബ്യൂസുകളിൽ ഒന്നാണത്.”
“ശാരീരികമായും വൈകാരികമായും ആത്മീയമായും സ്വയം നിയന്ത്രിക്കണമെന്ന എന്റെ തീരുമാനത്തിന്റെ ഫലമാണ് നിങ്ങൾ ഇപ്പോൾ കാണുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമാണ് ഈ കുറിപ്പ്. അതിനായി, ഞാനെന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ച് എന്നെ തന്നെ സ്നേഹിക്കാൻ തീരുമാനിച്ചു. എന്താണ് എനിക്ക് പ്രാവർത്തിക്കമാക്കാൻ കഴിയുകയെന്ന് മനസ്സിലാക്കാൻ ശ്രമിച്ചു.”
“ഈ യാത്രയിൽ, ഞാനെടുത്തു പറയേണ്ട രണ്ടു പേരുകളുണ്ട്. ഒന്ന്, എന്റെ യോഗ ഗുരു, താര സുദർശനൻ, വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച ടൈം രാവിലെ 5 മണിയാണെന്ന് എന്നെ പഠിപ്പിച്ച ആൾ. അതുപോലെ മിസ്റ്റർ മനീഷ്, എന്റെ പോഷകാഹാര വിദഗ്ധൻ. പോഷകസമൃദ്ധമായ, ശരിയായ ഭക്ഷണത്തിന് അത്ഭുതങ്ങൾ കാണിക്കാനാവുമെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. നന്ദി.”
“ഞാനിപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യമാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ, ഞാനിപ്പോഴും ‘വല്യ സൈസ് ഉള്ള കുട്ടി’ തന്നെയാണ്. ഇപ്പോഴും കൊഴുപ്പ് അടിഞ്ഞ വയറും തടിച്ച കൈകളുമൊക്കെ എനിക്കുണ്ട്, ഞാനതിനെ ഉൾക്കൊള്ളുന്നു. ഇതൊരു മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോവുന്തോറും ഞാൻ പഠിക്കുന്നു.”
“ആരോഗ്യത്തോടെയിരിക്കുക, ഞാനാഗ്രഹിക്കുന്നത് അതാണ്. സമാന അവസ്ഥകളിൽ ബുദ്ധിമുട്ടുന്നവരോടും അതാണ് പറയാനാഗ്രഹിക്കുന്നത്. ശരീരം മാത്രമല്ല, മനസ്സും ആരോഗ്യത്തോടെ ഇരിക്കട്ടെ. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക. വ്യായാമം, ഭക്ഷണം, ചുറ്റുമുള്ള ആളുകൾ, നിങ്ങളുടെ ചിന്തകൾ എല്ലാം ആരോഗ്യകരമാവട്ടെ. നിങ്ങൾ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീർക്കാൻ മറ്റാരെയും അനുവദിക്കരുത്.”
View this post on Instagram
തൃശൂർ സ്വദേശിനിയായ ജ്യോത്സ്ന രാധാകൃഷ്ണൻ 2002-ൽ ‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമാലോകത്തെത്തിയത്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ജ്യോത്സ്ന കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്.
‘പ്രണയമണിത്തൂവൽ’ എന്ന ചിത്രത്തിലാണ് ആദ്യം പാടിയതെങ്കിലും ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയത് ‘നമ്മളി’ലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനമാണ്. വേറിട്ട സ്വരമാണ് ജ്യോത്സ്നയെ തന്റെ സമകാലികരായ ഗായികമാർക്കിടയിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ‘സ്വപ്നക്കൂടി’ലെ കറുപ്പിനഴക്, ‘മനസ്സിനക്കരെ’യിലെ മെല്ലെയൊന്നു പാടൂ, ‘പെരുമഴക്കാല’ത്തിലെ മെഹറുബാ എന്നിവയെല്ലാം ജ്യോത്സ്നയെ ഏറെ ശ്രദ്ധേയയാക്കിയ ഗാനങ്ങളാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതിലേറെ സിനിമകൾക്കു ഇതിനകം പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആൽബങ്ങളിലും പാടിയിട്ടുണ്ട്.
Read more: ഇഷ്ടമുള്ളതെല്ലാം കഴിച്ചിരുന്നു; അരുൺ ഗോപി ‘ഫിറ്റായ’ കഥ