scorecardresearch
Latest News

ഗാനമേളക്കിടെ കുഴഞ്ഞു വീണു; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

കേരളത്തിൽ ഗാനമേളകളെ ജനപ്രിയമാക്കിയവരിൽ ഒരാളാണ് ഇടവ ബഷീർ

ഗാനമേളക്കിടെ കുഴഞ്ഞു വീണു; ഗായകൻ ഇടവ ബഷീർ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത ഗായകൻ ഇടവ ബഷീർ അന്തരിച്ചു. ഗാനമേളക്കിടെ കുഴഞ്ഞുവീണാണ് മരണം. 78 വയസായിരുന്നു.

ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ് അദ്ദേഹം നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഗാനമേളകളിലൂടെ പ്രശസ്തനായ ഗായകനാണ് ഇടവ ബഷീർ. ഏതാനും സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്നീഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഇടവ സ്വദേശിയാണ്. കേരളത്തിൽ ഗാനമേളകളെ ജനപ്രിയമാക്കിയ ഗായകരിൽ ഒരാളാണ് അദ്ദേഹം. ഗാനമേളകളുടെ അതുവരെയുള്ള സ്വഭാവം മാറ്റുന്ന തരത്തിൽ യമഹയുടെ സിന്തസൈസര്‍, മിക്‌സര്‍, എക്കോ, റോളണ്ട് സി ആർ 78 കമ്പോസർ, ജുപ്പിറ്റർ 4 തുടങ്ങിയ ഉപകരണങ്ങൾ കേരളത്തിൽ ഗാനമേളകളിൽ അവതരിപ്പിച്ചത് ഇടവ ബഷീർ ആയിരുന്നു.

രഘുവംശം എന്ന ചിത്രത്തിനായാണ് ആദ്യമായി ചലച്ചിത്ര ഗാനം ആലപിച്ചത്. എ ടി ഉമ്മർ സംഗീത സംവിധാനം നിർവഹിച്ച ചിത്രം 1978ലാണ് പുറത്തിറങ്ങിയത്. എസ് ജാനകിക്കൊപ്പം ‘വീണവായിക്കുമെൻ വിരൽത്തുമ്പിലെ..’ എന്ന പാട്ടാണ് ഈ ചിത്രത്തിനായി അലപിച്ചത്.

അതേ വർഷം പുറത്തിറങ്ങിയ മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിൽ വാണി ജയറാമിനൊപ്പം ആലപിച്ച് ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍,’ എന്ന പാട്ട് ഏറെ ശ്രദ്ധേയമായി. കെ ജെ ജോയ് ആണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer edava basheer passes away