സോഷ്യല്‍ മീഡിയ വഴി തന്റെ ശക്തമായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ആളാണ് ഗായിക ചിന്മയി. ഇത് പലപ്പോഴും ചിന്മയിക്ക് നല്‍കിയിട്ടുള്ളത് പ്രശ്‌നങ്ങളാണ്. ഇത്തവണ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമത്തിനെതിരായാണ് ചിന്മയി തന്റെ ശബ്ദമുയര്‍ത്തുന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെ അപരിചിതനായ ഒരാളില്‍ നിന്നും തനിക്കും ഇത്തരം മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് ചിന്മയി ട്വീറ്റ് ചെയ്തു. ഈ അനുഭവം താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നുവെന്നും, കുട്ടിക്കാലത്ത് സമാന അനുഭവങ്ങളുണ്ടായിട്ടുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നും ചിന്മയി പറയുന്നു.

സ്വന്തം അദ്ധ്യാകരില്‍ നിന്നും, സഹോദരനില്‍ നിന്നും, സഹയാത്രക്കാരില്‍ നിന്നും, ആരാധനായലങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നമൊക്കെയാണ് എല്ലാവരും ഇത് നേരിടുന്നതെന്നും ചിന്മയി പറയുന്നു. എന്നാല്‍ വീട്ടുകാരോ സുഹൃത്തുക്കളോ വിശ്വസിക്കില്ലെന്നു ഭയന്ന് ഈ ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ കുട്ടികള്‍ തയ്യാറാകുന്നില്ല.

പെണ്‍കുട്ടികളെ കേള്‍ക്കാന്‍ ചിലപ്പോള്‍ ആരെങ്കിലും ഉണ്ടാകുമെന്നും, ആണ്‍കുട്ടികള്‍ പറയുന്നതാണ് ആരും കേള്‍ക്കാത്തതെന്നും ചിന്മയി പറയുന്നു. മാത്രമല്ല, ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാന്‍ പുരുഷന്മാര്‍ക്ക് പലപ്പോഴും നാണക്കേടാണെന്നും, പെണ്‍കുട്ടികള്‍ തുറന്നു പറയുമ്പോള്‍ ‘അവള്‍ അത് ആസ്വദിച്ചു’ എന്ന തരത്തില്‍ പലരും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ചിന്മയി വ്യക്തമാക്കി.

തുറന്നു പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ടുവരുന്നവരെ പരിസഹിക്കുന്നത് നിര്‍ത്തണമെന്നും, ഇരയുടെ വസ്ത്രധാരണം, ശരീരം, ലിപ്സ്റ്റിക് ഇങ്ങനെ ഓരോന്നു ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തരുതെന്നും ചിന്മയി പറയുന്നു. അപ്രതീക്ഷിതമായി നമുക്കു നേരെ കൈകള്‍ നീളുമ്പോള്‍ ആരായാലും ഒന്നു പകച്ചു പോകുംമെന്നും ചിന്മയി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ