scorecardresearch
Latest News

പാടാനായി പിറന്നവൾ; ആളെ മനസ്സിലായോ?

സംഗീതലോകത്ത് 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഈ ഗായിക

പാടാനായി പിറന്നവൾ; ആളെ മനസ്സിലായോ?

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാല്‍. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. അതിരുകളില്ലാതെ സംഗീതത്തിന്റെ ലോകത്ത് നക്ഷത്രമായി തിളങ്ങുന്നവൾ. ഒരർത്ഥത്തിൽ, പാടാനായി പിറന്നവൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഗായിക. അത്രത്തോളം ആത്മസമർപ്പണത്തോടെ സംഗീതലോകത്ത് നിറഞ്ഞു നിൽക്കുകയാണ് ശ്രേയ ഇന്ന്.

ഇന്ത്യൻ സിനിമയുടെ സംഗീതലോകത്ത് 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ശ്രേയ ഘോഷാൽ. ശ്രേയയ്ക്ക് ആശംസകൾ നേരുന്ന തിരക്കിലാണ് ആരാധകർ. ശ്രേയയുടെ ഒരു കുട്ടിക്കാലചിത്രമാണ് അതിനിടയിൽ ശ്രദ്ധ കവരുന്നത്. ഹാർമോണിയത്തിൽ വിരലമർത്തി ചിരിയോടെ നിൽക്കുന്ന കുഞ്ഞു ശ്രേയയെ ആണ് ചിത്രത്തിൽ കാണാനാവുക.

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ശ്രേയയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മലയാള പിന്നണിഗാനരംഗത്തെയും ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ് ശ്രേയ ഇപ്പോൾ. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് ശ്വേതയെ തേടിയെത്തിയത്.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. 2021 മേയ് മാസത്തിൽ ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ദേവ്‌യാൻ മുഖോപാധ്യായ എന്നാണ് ശ്രേയയും ശൈലാദിത്യയും കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer childhood photo throwback thursday