scorecardresearch
Latest News

ഗായിക കൊച്ചിൻ അമ്മിണി ഇനി ഓർമ്മ

കല ജീവിതസമരമാക്കിയ ഒരു കലാകാരി കൂടി വിടപറയുകയാണ്

ഗായിക കൊച്ചിൻ അമ്മിണി ഇനി ഓർമ്മ

ഞായറാഴ്ച രാവിലെയാണ് കേരളത്തിലെ ആദ്യകാല ഗായികയും നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (80) വിട പറഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.

വീട്ടിലെ കഷ്ടപ്പാടുകൾ കൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് എത്തിച്ചേർന്ന നിരവധി പ്രതിഭകളുണ്ട് നമുക്ക്. മേരി ജോൺ എന്ന കൊച്ചിൻ അമ്മിണിയും അക്കൂട്ടത്തിൽ പെടുന്ന കലാകാരിയാണ്, കലയെ ജീവിതസമരമാക്കേണ്ടി വന്നവൾ.

പട്ടാളക്കാരനായ അച്ഛൻ അഗസ്റ്റിൻ ബെർണാഡ് ജോലി രാജി വച്ചു വന്നതോടെ വീട്ടിൽ കഷ്ടപ്പാടായി. അങ്ങനെയാണ് 12-ാം വയസ്സിൽ അമ്മിണി നാടകവേദിയിൽ എത്തിപ്പെട്ടത്. നാടകങ്ങളിൽ പാട്ടുകാരിയായും അഭിനേത്രിയായും അമ്മിണി ശ്രദ്ധ നേടി. കാളിദാസ കലാകേന്ദ്ര, കലാനിലയം, ആലപ്പി തിയേറ്റേഴ്സ, കലാഭവൻ, കെപിഎസി തുടങ്ങിയ ഗ്രൂപ്പുകളിലെല്ലാം അക്കാലയളവിൽ അമ്മിണി പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട് നടൻ ബഹദൂറാണ് അമ്മിണിയെ സിനിമയുടെ ലോകത്തേക്ക് ക്ഷണിച്ചത്. കണ്ടം ബച്ച കോട്ട്, തോക്കുകൾ കഥ പറയുന്നു, ഉണ്ണിയാർച്ച, അടിമകൾ തുടങ്ങിയ നിരവധി ചിത്രങ്ങളിലും കൊച്ചിൻ അമ്മിണി അഭിനയിച്ചു.

ഡബ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയ അമ്മിണി സിനിമയിൽ ബി. സരോജ, ശാരദ, കെ ആർ വിജയ, പൂർണിമ ജയറാം എന്നിവർക്കൊക്കെ ശബ്ദം നൽകി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Singer actress dubbing artist cochin ammini passes away