കൊറോണക്കാലത്ത് ഓരോരുത്തരും ഓരോ തരത്തിലാണ് നമ്മളെ വിസ്മയിപ്പിക്കുന്നത്. ചിലർ പാട്ടുപാടി, ചിലർ അവരുടെ മറ്റു കഴിവുകൾ പുറത്തെടുത്തും, ചിലർ ആളുകളെ സഹായിച്ചുമൊക്കെ. കൊറോണക്കാലത്ത് പാടാനും ആടാനും ഒന്നും നിൽക്കരുതെന്ന് വിമർശിക്കുന്ന ആളുകൾക്ക് നല്ല ഉഗ്രൻ മറുപടിയാണ് ഗായിക അഭയ ഹിരൺമയി നൽകുന്നത്. ഒരു ഡപ്പാങ്കൂത്താണ് അഭയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Read More: വ്യവസ്ഥകളെ മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര; ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

“ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ നൃത്തം ചെയ്യാനും പാടാനും അനീതിയാണെന്ന് ആളുകൾ പറയുമ്പോൾ …!!
ഞങ്ങൾ കലാകാരന്മാരാണ്, നിങ്ങളെ രസിപ്പിക്കാൻ മാത്രമേ അറിയൂ ഞങ്ങൾ പാടും, ഞങ്ങൾ നൃത്തം ചെയ്യും, ഒപ്പം നിങ്ങളെ രസിപ്പിക്കുകയും ചെയ്യും,” എന്നാണ് അഭയ കുറിച്ചിരിക്കുന്നത്. സിതാര, പൂർണിമ, റിമ, സയനോര തുടങ്ങിയവരോട് ഇത് ചെയ്യാൻ ചലഞ്ച് ചെയ്തിട്ടുമുണ്ട്.

പാട്ടുപാടി പോസ്റ്റ് ചെയ്യുന്നതിന് താൻ ഏറെ വിമർശിക്കപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം സിതാര കൃഷ്ണകുമാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് താൻ ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് അഭയ പറയുന്നു.

സിതാരയുടെ കുറിപ്പിന്റെ പൂർണ രൂപം:

ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കൾക്ക് പലർക്കും ലഭിച്ച കമന്റുകളിൽ ചിലത് ഇങ്ങനെയാണ് “ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും” “പാട്ടുപാടാതെ പോയിരുന്നു പ്രാർത്ഥിക്കൂ” “ലോകം മുഴുവൻ പ്രശ്‍നം നടക്കുമ്പോഴാണ് അവന്റെ ഒരു പാട്ട്” !!!
ഒന്നു പറയട്ടെ സുഹൃത്തേ, നിങ്ങൾക്ക് ഫെയ്സ്ബുക്കിൽ കയറാമെങ്കിൽ, കമന്റ് ഇടാമെങ്കിൽ, ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ, സിനിമ കാണാമെങ്കിൽ, പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും !!!! ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാർ മിക്കവരും മാസശമ്പളക്കാരല്ല, ദിവസക്കൂലിക്കാരാണ് !!! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ, പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാൽ പിന്നെ ഒരു തരി വെളിച്ചം ഇല്ല, ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതൽ കാത്തിരിക്കേണ്ട കൂട്ടർ കലാകാരന്മാർ തന്നെയാവും !!! എല്ലാവരും സൗഖ്യമായി, എല്ലാവരും ജോലികൾ തുടങ്ങി എന്നുറപ്പായ ,ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ !!!ഈ സത്യവും, ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാൾ, വരുമാനത്തേക്കാൾ പ്രധാനപ്പെട്ടതായി കലാകാരന്മാർ കരുതുന്ന ചിലതുണ്ട് — നില്ക്കാൻ ഒരു വേദി, മുന്നിൽ ഇരിക്കുന്ന ആസ്വാദകർ, ഒരു നല്ല വാക്ക്, ഒരു കയ്യടി, നന്നായി -ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !!! ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും, ഡോക്ടർമാരും, ഇതാ ഇന്ന് സർക്കാരുകളും എല്ലാം ഓർമിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച്, അവ അതിജീവിക്കേണ്ട മാർഗങ്ങളിൽ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് !!! അതിനാൽ ഞങ്ങൾ പാട്ടും കൂത്തും നടത്തും, ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകൾക്ക് വേണ്ടി, പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും !!
പ്രാർത്ഥിക്കാൻ പറയുന്നവരോട്, ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാർത്ഥനയും !! അതിനാൽ ഉടലിൽ ഉയിരുള്ളത്രയും നാൾ പാടും, ആടും, പറയും !!!!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook