ഇന്നലെ ഉച്ചയോടെയാണ് നടൻ കൊച്ചുപ്രേമൻ അന്തരിച്ചു എന്ന വാർത്ത പുറത്ത് വന്നത്. അനവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്. കൊച്ചുപ്രേമന്റെ അനന്തരവളും ഗായികയുമായ അഭയ ഹിരൺമയി പങ്കുവച്ച ചിത്രവും വൈകാരികമായ കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ….എല്ലാ പ്രാവശ്യത്തെയും പോലെ …ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് …വഴിയിൽ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ് …മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുക്കുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടത്തെ അഭിമാനം കൊണ്ടിട്ടുണ്ട് …കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും ….ഞാൻ കണ്ട പൂർണ കലാകാരന്,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതിച്ചതും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനുമൊക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!!” അഭയ കുറിച്ചു.
ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പൊകും വഴിയാണ് കൊച്ചുപ്രേമൻ മരണമടഞ്ഞത്. നാടകത്തിലൂടെ സിനിമയിലെത്തിയ കൊച്ചുപ്രേമൻ 250 ത്തോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴു നിറങ്ങളാണ് ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം തിളക്കം, കല്യാണരാമൻ, പട്ടാഭിഷേകം, ഇൻ ഗോസ്റ്റ് ഹൗസ്, നല്ലവൻ, മൈ ബിഗ് ഫാദർ തുടങ്ങി അനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.ഭാര്യ ഗിരിജ പ്രേമനും അഭിനേത്രിയാണ്.ഇന്നു 11 മുതൽ 12 വരെ ചലച്ചിത്ര അക്കാദമിയുടെ നേത്യത്വത്തിൽ ഭാരത്‌ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് 12 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വച്ച് നടക്കും.